Monday, June 27, 2011

മൗറീഷ്യസിലൂടെ....(ഭാഗം ഒന്ന്)

തികച്ചും ആകസ്മികമായാണ് മൗറീഷ്യസ് യാത്രയിലേക്ക് ഞങ്ങള്‍ എത്തിപ്പെട്ടതെന്ന് പറയാം. മുന്‍‌കൂട്ടി  പ്ലാനിട്ട ഒന്നുരണ്ടു യാത്രകള്‍ ചില തടസ്സങ്ങള്‍ മൂലം തല്‍ക്കാലം ഉപേക്ഷിക്കേണ്ടിവന്നപ്പോള്‍ പരിഗണനയ്ക്കെത്തിയത് ഞങ്ങളുടെ യാത്രാസ്വപ്നങ്ങളില്‍ ഒരിക്കലും കടന്നുവന്നിട്ടില്ലാത്ത മൗറീഷ്യസാണ്. അന്വേഷിച്ചപ്പോള്‍ വിസയുടെ പ്രശ്നമൊന്നുമില്ല, വിസ “ ഓണ്‍ അറൈവല്‍ ” ആണ്. പിന്നെ ഇപ്പോഴവിടെ പ്രസന്നമായ കാലാവസ്ഥയുമാണെന്നുമറിഞ്ഞു. ദുബായില്‍ നിന്നാണ് വിമാനം. മൂന്നു രാത്രിയും നാലു പകലുമടങ്ങുന്ന പാക്കേജ് ബുക്ക് ചെയ്തു. അങ്ങനെ, മുന്‍‌കൂട്ടി തയ്യാറെടുപ്പു നടത്തുന്ന ഒരു യാത്രയും ഞങ്ങളുടെ കാര്യത്തില്‍ നടക്കാറില്ലെന്ന പതിവ് ഇക്കുറിയും തെറ്റിയില്ല!

പുതിയൊരു SLR ക്യാമറയെന്ന എന്റെ മോഹം സഫലമാക്കിത്തരുവാന്‍ എന്റെ നല്ലപാതി തീരുമാനിച്ച അവസരം കൂടിയായിരുന്നു അത്. പറ്റിയത് തിരഞ്ഞെടുക്കുവാന്‍ ബ്ലോഗര്‍ സുഹൃത്ത് അപ്പു സഹായിക്കാമെന്നേറ്റിരുന്നു. അങ്ങനെ, യാത്രയുടെ തലേദിവസം  റാസ്- അല്‍ -ഖൈമയിലുള്ള എന്റെ അനിയന്റെ വീട്ടില്‍ നിന്ന് നേരെ ഷാര്‍ജയില്‍ അപ്പുവിന്റെ വീട്ടില്‍ ചെന്ന്, കുടുംബാംഗങ്ങളെ പരിചയപ്പെടല്‍ കഴിഞ്ഞ്, ക്യാമറ വാങ്ങിയപ്പോഴേക്കും നേരം ഇരുട്ടിത്തുടങ്ങിയിരുന്നു. ദുബായിയിലുള്ള മറ്റൊരു ബ്ലോഗര്‍ സുഹൃത്ത് ശശിയേട്ടന്റെ വീടു സന്ദര്‍ശിക്കലാണ് അടുത്ത പരിപാടി. ഞങ്ങളെ അവിടെ കൊണ്ടുവിട്ടതും അപ്പുവും കുടുംബവും തന്നെ. ശശിയേട്ടന്റെ വീട്ടില്‍ അത്താഴം കഴിഞ്ഞ് 12 മണിയോടെ വിമാനത്താവളത്തിലേക്ക്  പോകാന്‍ തയ്യാറെടുക്കുമ്പോള്‍  ആകസ്മികമായി ബ്ലോഗര്‍ ഹരിയണ്ണന്‍ അവിടെ എത്തിച്ചേര്‍ന്നു. വിമാനത്താവളത്തില്‍ ഞങ്ങളെ കൊണ്ടാക്കുന്ന കാര്യം ഹരിയണ്ണന്‍ ഏറ്റു. അങ്ങനെ ആ പാതിരാത്രിക്ക്  അതിനു നിയോഗമുണ്ടായത് ഞങ്ങളന്നാദ്യമായി കാണുകയും പരിചയപ്പെടുകയും ചെയ്ത ഹരിയണ്ണന്! ബ്ലോഗ് സൗഹൃദങ്ങള്‍ സമ്മാനിച്ച വിസ്മയങ്ങളും കൗതുകങ്ങളും കൊണ്ട്  അവിസ്മരണീയമായ ദിനങ്ങള്‍ പലതും ഉണ്ടായിട്ടുണ്ട്. ആ ഗണത്തിലേക്ക് ഈയൊരു ദിവസം കൂടി.......

വിമാനം മൗറീഷ്യസിനോടടുക്കവേ, പുറത്തേക്ക് നോക്കിയപ്പോള്‍ ഒരു പന്തികേട്....ആകെ മൂടിക്കെട്ടിയതുപോലെ...ഇനി മഴയെങ്ങാനും...? എയ്, അങ്ങനെ വരാന്‍ തരമില്ല...ആശ്വസിക്കാന്‍ ശ്രമിച്ചു....

പക്ഷേ ആശ്വാസത്തിന് അധികം ആയുസ്സുണ്ടായില്ല...വിമാനമിറങ്ങിയപ്പോള്‍ പുറത്തു ഞങ്ങളെ എതിരേറ്റത് തുള്ളിക്കൊരുകുടം പേമാരി!! ദൈവമേ, ഞങ്ങള്‍ക്ക് കിട്ടിയിരുന്ന വിവരങ്ങള്‍ തെറ്റായിരുന്നോ.....? ഹോട്ടലിലേക്ക് ഞങ്ങളെ കൂട്ടിക്കൊണ്ടുപോവാന്‍ എത്തിയിരുന്ന കാറില്‍ ഒരുവിധത്തിലാണ് കയറിപ്പറ്റിയത്. ഇവിടെ ഇപ്പോള്‍ നല്ല വേനല്‍ക്കാലമാണെന്നും, ഈ സമയത്ത് മഴ പെയ്യുക സാധാരണ പതിവില്ലെന്നും, കാഴ്ചയില്‍ ഒരു ആഫ്രിക്കക്കാരനേപ്പോലെ തോന്നിക്കുന്ന ഡ്രൈവര്‍ പറഞ്ഞു. മൂന്നുനാലു ദിവസത്തേക്കേ ഈ മഴ ഉണ്ടാവൂ എന്നാണത്രേ കാലാവസ്ഥാപ്രവചനം. അപ്പോള്‍ ഞങ്ങള്‍ തിരിച്ചുപോവുന്നതുവരെ മഴ തുടരുമെന്നര്‍ത്ഥം....ഓര്‍ത്തപ്പോള്‍ തെല്ലൊരു നിരാശ തോന്നാതിരുന്നില്ല...എന്തായാലും വരുന്നപോലെ വരട്ടെ എന്നാശ്വസിച്ച് ഉന്മേഷം വീണ്ടെടുക്കാന്‍ ശ്രമിച്ചു....

ഏകദേശം ഒരു മണിക്കൂര്‍ നേരത്തെ യാത്രയുണ്ടായിരുന്നു ഹോട്ടലിലേക്ക്. Belle Mare എന്ന സ്ഥലത്തായിരുന്നു ഹോട്ടല്‍ . അന്ന് പ്രത്യേകിച്ച് പരിപാടിയൊന്നുമില്ല. മുറിയില്‍ വിശ്രമിച്ച ശേഷം വൈകീട്ട് പുറത്തിറങ്ങി.  ധാരാളം മരങ്ങളും പൂച്ചെടികളും പുല്‍ത്തകിടികള്‍ക്കിടയിലൂടെയുള്ള വഴിത്താരകളുമായി ഹരിതാഭമായ ഹോട്ടല്‍ പരിസരം നേരെ കടല്‍ത്തീരത്തേക്ക് തുറന്നിരിക്കുന്നു. മഴയൊന്ന് തോര്‍ന്ന നേരമായതുകൊണ്ട് കടല്‍ത്തീരത്ത് നല്ല തിരക്ക്. മധുവിധു ആഘോഷിക്കുന്ന നവമിഥുനങ്ങളും വാര്‍ദ്ധക്യം ആഘോഷിക്കാനെത്തിയ സായിപ്പു-മദാമ്മമാരുമാണ് ഏറിയ പങ്കും. മഴ വീണ്ടും ചനുപിനാന്ന് പെയ്യാന്‍ തുടങ്ങിയതോടെ ഞങ്ങളൊഴിച്ചെല്ലാവരും ഹോട്ടലിലേക്ക് മടങ്ങി. സൂര്യന്‍ ക്രമേണ ഒരു വിളറിയ മഞ്ഞനിറമായി കടലില്‍ അപ്രത്യക്ഷമായി. പാട്ടും നൃത്തവുമായി എന്തൊക്കെയോ കലാപരിപാടികള്‍ നടക്കുന്നതിന്റെ ആരവം ഹോട്ടലില്‍നിന്നുയരാന്‍ തുടങ്ങി. ഹോട്ടലില്‍ നിന്ന് തന്നിരുന്ന കുട നിവര്‍ത്തി, കടപ്പുറത്തെ മഴ ആസ്വദിച്ചുകൊണ്ട് കുറേ നേരം നടന്നശേഷം ഞങ്ങളും പതിയേ ഹോട്ടലിലേക്ക് മടങ്ങി...
ഹോട്ടലിന്റെ പാക്കേജില്‍ പ്രാതലും അത്താഴവും ഉള്‍പ്പെട്ടിട്ടുണ്ട്. തനി യൂറോപ്യന്‍ മട്ടിലുള്ള അത്താഴവും അകത്താക്കി റൂമിലേക്ക് മടങ്ങുമ്പോള്‍ പിറ്റേദിവസം രാവിലെ എട്ടുമണിക്കു തന്നെ റെഡിയായി എത്തണമെന്ന കാര്യം റിസപ്ഷനിസ്റ്റ് ഓര്‍മ്മിപ്പിച്ചു. മൗറീഷ്യസ് ചുറ്റിക്കറങ്ങി കാണിച്ചുതരാനുള്ള ഹോട്ടലിന്റെ വാഹനവും ഗൈഡും എട്ടര മണിയോടെ എത്തും....

മൗറീഷ്യസിനെ കുറിച്ച് അല്പം:
 
[ചിത്രം വിക്കിപീഡിയയില്‍ നിന്നെടുത്തത്]

ഇന്ത്യയുടെ തെക്കുപടിഞ്ഞാറന്‍ ഭാഗത്തായി, ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിലകൊള്ളുന്ന ഒരു ദ്വീപാണ് മൗറീഷ്യസ്. 15 ദശലക്ഷം വര്‍ഷങ്ങള്‍ക്കുമുമ്പ് സമുദ്രത്തിലുണ്ടായ വന്‍ അഗ്നിപര്‍വ്വതസ്ഫോടനത്തിലെ ലാവ ഉറഞ്ഞുണ്ടായതാണത്രേ ഈ ദ്വീപ്. ഏതാണ്ട് പതിനാറാം നൂറ്റാണ്ടുവരെ മനുഷ്യസ്പര്‍ശമില്ലാതിരുന്ന ഈ ദ്വീപില്‍ ആദ്യമായെത്തിയത് പോര്‍ച്ചുഗീസുകാരും പിന്നെ വന്നത് ഡച്ചുകാരുമാണത്രേ. ഡച്ചുകാര്‍ ഇതിന് Maurice of Nassau(Prince Of Orange) എന്ന് നാമകരണം ചെയ്തു(ഇതില്‍നിന്നായിരിക്കണം പിന്നീട് മൗറീഷ്യസ് എന്ന വാക്കുണ്ടായത്) പ്രതികൂല കാലാവസ്ഥകളോട് പൊരുതിമടുത്ത് തിരിച്ചുപോയ ഇവര്‍ക്കുശേഷം 1715-ല്‍ വന്ന ഫ്രഞ്ചുകാര്‍ ഈ ദ്വീപിന്റെ മൊത്തം നിയന്ത്രണം ഏറ്റെടുക്കുകയും “തങ്ങളുടെ സ്വന്തം ദ്വീപ്” എന്ന അര്‍ത്ഥത്തില്‍ “ഐല്‍ ഓഫ് ഫ്രാന്‍സ്(Isle of France)” എന്ന് നാമകരണം നടത്തുകയും ചെയ്തു. ഫ്രഞ്ചുകാരാണ് അക്ഷരാര്‍ത്ഥത്തില്‍ മൗറീഷ്യസിനെ പുരോഗതിയുടെ പാതയിലേക്ക് നയിച്ചത്. കൃഷിക്ക് അനുയോജ്യമായ,വളക്കൂറുള്ള ഈ മണ്ണില്‍ കരിമ്പുകൃഷി ആരംഭിച്ചത്, അതിനോടനുബന്ധമായി ദ്വീപിലുടനീളം പഞ്ചസാര നിര്‍മ്മാണശാലകള്‍ സ്ഥാപിച്ചത്, ആദ്യമായി റോഡുകള്‍ നിര്‍മ്മിച്ചത്, തലസ്ഥാനത്ത് തുറമുഖം ഉണ്ടാക്കിയത്, ഒക്കെ ഫ്രഞ്ചുകാരാണ്. 1810-ല്‍ ദ്വീപ് ബ്രിട്ടീഷുകാരുടെ നിയന്ത്രണത്തിലാവുകയും പിന്നീട്  1962-ല്‍ മൗറീഷ്യസ് ഒരു സ്വതന്ത്രരാഷ്ട്രമാവുകയും ചെയ്തു.

2040 ചതുരശ്രകിലോമീറ്ററാ‍ണ് മൗറീഷ്യസിന്റെ വിസ്തീര്‍ണ്ണം. നാണയം രൂപയാണ്(Mauritian Rupee(MUR)). പക്ഷേ നമ്മുടെ രൂപയേക്കാള്‍ മൂല്യം കൂടുതലാണ്(1 MUR = 1.6 INR). കരിമ്പുകൃഷിയും ടൂറിസവുമാണ് പ്രധാന വരുമാന സ്രോതസ്സുകള്‍ . ഫ്രഞ്ചുകാരുടേയും, അവര്‍ കരിമ്പുതോട്ടങ്ങളില്‍ പണിയെടുക്കാന്‍ അടിമകളായി കൊണ്ടുവന്ന ആഫ്രിക്കക്കാരുടേയും, ബ്രിട്ടീഷ്ഭരണകാലത്ത് ഇന്ത്യയില്‍ നിന്നും ചൈനയില്‍നിന്നും കുടിയേറപ്പെട്ടവരുടേയുമൊക്കെ പിന്‍‌തുടര്‍ച്ചക്കാരായ മൗറീഷ്യന്‍ ജനതയ്ക്ക് അതുകൊണ്ടുതന്നെ തനത് സംസ്കാരമോ ഭാഷയോ ഇല്ലെന്നു പറയാം. ഫ്രഞ്ച് ഭരണത്തിന്റെ ശക്തമായ സ്വാധീനം ഇവിടെ ഇപ്പോഴും നിലനില്‍ക്കുന്നു.  മൗറീഷ്യന്‍ ക്രിയോള്‍(Mauritian Creole), ഫ്രഞ്ച്, ഇംഗ്ലീഷ് എന്നിവയാണ് ഇവിടെ ഉപയോഗിക്കപ്പെടുന്ന ഭാഷകള്‍. പ്രാദേശിക ഭാഷയായി കണക്കാക്കപ്പെടുന്ന മൗറീഷ്യന്‍ ക്രിയോളിന്റെ പദാവലിയും ഉച്ചാരണവുമെല്ലാം ഫ്രഞ്ച് ഭാഷയോട് വളരെ സാമ്യമുള്ളതാണുതാനും. ജനസംഖ്യയില്‍ ഏതാണ്ട് പകുതിയിലേറെ ഹിന്ദുക്കളും, 32ശതമാനത്തോളം ക്രിസ്ത്യാനികളും, 16 ശതമാനത്തോളം മുസ്ലീങ്ങളും പിന്നെ ചെറിയൊരു ശതമാനം ബുദ്ധമതവിശ്വാസികളുമത്രേ. ഭക്ഷണത്തിന്റെ കാര്യത്തിലും തനത് വിഭവമെന്നത് ഇല്ല. യൂറോപ്യന്‍-അഫ്രിക്കന്‍-ഇന്ത്യന്‍-ചൈനീസ് രുചികള്‍ കൂടിക്കലര്‍ന്നതാണ് ഇവിടെ വിഭവങ്ങള്‍ . ഇതില്‍ത്തന്നെ, കൂടുതല്‍ ചായ്‌വുള്ളത് യൂറോപ്യന്‍ രുചിയോടാണ്. സെഗ(Sega)എന്ന പ്രാദേശിക നൃത്ത-സംഗീത കലാരൂപത്തിനാകട്ടെ, രൂപത്തിലും ഭാവത്തിലും വാദ്യോപകരണ നിര്‍മ്മിതിയിലുമൊക്കെ ആഫ്രിക്കന്‍ വേരുകളാണുള്ളത്.
ചുരുക്കത്തിൽ , പല ദേശക്കാരും ഭാഷക്കാരുമായ കുട്ടികളെ ദത്തെടുത്തു വളര്‍ത്തിയ അമ്മയെപ്പോലെയാണ് മൗറീഷ്യസെന്നു പറയാം....
                                                                                                                      
                                                                                                 [തുടരും...]

28 comments:

ബിന്ദു കെ പി said...

പുതിയൊരു പരീക്ഷണം.. :)

ലതീഷ്.പി.വി said...

പുതിയ സംരംഭത്തിനു അഭിനന്ദനങ്ങൾ. വല്ല ഫോട്ടോ കൂടി ചേർക്കാമായിരുന്നു. ഏത് എസ്.എൽ.ആർ കാമറയാ വാങ്ങിയത്?

കാട്ടിപ്പരുത്തി said...

വായിച്ചു - നന്നായിരിക്കുന്നു.

ബിന്ദു കെ പി said...

ലതീഷ്: നിക്കോൺ ആണ് വാങ്ങിയത്. ഇത് ഇപ്പോൾ നടന്ന സംഭവമൊന്നുമല്ല. ഒന്നര കൊല്ലത്തോളമായി....

റിസ് said...
This comment has been removed by the author.
റിസ് said...

ഈ പുതിയ സംരംഭത്തിനു ആശംസകൾ...
"ധാരാളം മരങ്ങളും പൂച്ചെടികളും പുല്‍ത്തകിടികള്‍ക്കിടയിലൂടെയുള്ള വഴിത്താരകളുമായി ഹരിതാഭമായ ഹോട്ടല്‍ പരിസരം നേരെ കടല്‍ത്തീരത്തേക്ക് തുറന്നിരിക്കുന്നു"
ഇത് വായിച്ചപ്പോൾ ഒരു ഫോട്ടോ കൊതിച്ചു:)

ബിന്ദു കെ പി said...

റിസ്: ഫോട്ടോസ് പുറകേ വരും :)
പട്ടിക്ക് പൊതിക്കാത്ത തേങ്ങ കിട്ടിയപോലെയുള്ള പുതിയ ക്യാമറയും പിന്നെ മഴയും കൂടി ആയപ്പോൾ ആദ്യദിവസം സംഭവം പുറത്തെടുത്തതേയില്ല :)

kaithamullu : കൈതമുള്ള് said...

കാണാത്ത മൌറീഷ്യസിനെ, കാട്ടിത്തരുന്നത് ബിന്ദുവായതിനാല്‍, ഏറെ പ്രതീക്ഷയോടെ...

മുല്ല said...

നന്നായീട്ടോ. നല്ല അവതരണം.എല്ലാ ആശംസകളും...
പാചകക്കുറിപ്പ് കാണാറുണ്ട്.

Praveen $ Kiron said...

അതെ ഫോട്ടോസ് പ്രതീക്ഷിച്ചു..ബാക്കി വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു.

ഒരു യാത്രികന്‍ said...

പോരട്ടെ പോരട്ടെ .തുടക്കം നന്നായി. ഇവിടെ വന്നാല്‍ ഞാന്‍ നടത്തിയ മൌരീഷ്യസ് യാത്ര കാണാം ......സസ്നേഹം

krishnakumar513 said...

നല്ല വിവരണം.തുടരൂ...

ഹരീഷ് തൊടുപുഴ said...

ചേച്ചിയുടെ തനതു സ്റ്റൈലിൽ ഉള്ള ആകർഷകമായ വർണ്ണന ഏറെ ഹൃദ്യമായി..
കൂടുതൽ വിശേഷങ്ങൾക്കായ് കാത്തിരിക്കുന്നു..

ഹരീഷ് തൊടുപുഴ said...
This comment has been removed by the author.
അനില്‍@ബ്ലോഗ് // anil said...

തുടക്കം നന്നായി.
ഇത്തരം വിവരണങ്ങളിലൂടെയാണ് ഞാന്‍ ലോകം കാണുന്നത്.
പുതിയ സംരംഭത്തിന് എല്ലാ ആശംസകളും നേരുന്നു, അടുത്ത ഭാഗത്തിനായ് കാത്തിരിക്കുന്നു.

അപ്പു said...

ബിന്ദൂ വളരെ നന്നായിട്ടുണ്ട് തുടക്കം .ബിന്ദു ഈ രംഗത്ത് ശോഭിക്കുമെന്നതിൽ എനിക്കൊരു സംശയവുമില്ല :-)

നിരക്ഷരൻ said...

മൌറിഷ്യസിലേക്ക് വിസ ഓൺ അറൈവൽ ആണെന്നത് പുതിയ അറിവ്. അതിന് നന്ദി. ഒരു ബ്ലോഗുതന്നെ യാത്രാവിവരണങ്ങൾക്കായി തുടങ്ങിയ സ്ഥിതിക്ക് ഇവിടെ വല്ലതുമൊക്കെ നടക്കും.

അങ്ങനെ യാത്രാവിവരണങ്ങളുടെ ചതിക്കുഴിയിൽ ഒരാൾ കൂടെ വീണിരിക്കുന്നു :) പടം ക്രോപ്പിങ്ങും, സൈസ് ചെറുതാക്കലും, ചരിത്രവും ഭൂമിശാസ്ത്രവും ഐതിഹ്യവും എന്നുവേണ്ടതൊക്കെ തപ്പിയെടുത്ത് , പോകുന്നിടത്തൊക്കെ കണ്ണിൽക്കണ്ട കമ്പിക്കാലിനോടും കലുങ്കിനോടും പട്ട്യോടും പൂച്ചയോടുമൊക്കെ കഥകൾ ചികഞ്ഞും, ഉറക്കമിളച്ചും ജീവിതം ധന്യമായിക്കോളും ഇനിയങ്ങോട്ട്... :) എല്ലാ നന്മകളും നേരുന്നു.

പഥികൻ said...

തുടക്കം നന്നായി..ആശംസകൾ

Typist | എഴുത്തുകാരി said...

പുതിയ സംരംഭം ആണല്ലോ. തുടക്കം ഗംഭീരമായി.

കാഴ്ചകളിലൂടെ said...

നല്ല വിവരണം.തുടരൂ

Manickethaar said...

നന്നായിരിക്കുന്നു.

അഭി said...

നല്ല വിവരണം

mottamanoj said...

നല്ലത്.

നെല്‍സണ്‍ താന്നിക്കല്‍ said...

യാത്രകള്‍ വളരെയേറെ ഇഷ്ട്ടപ്പെടുന്ന ഒരാളാണ് ഞാന്‍ . മൂന്നു ദിവസം അടുപ്പിച്ചു ലീവ് കിട്ടിയാല്‍ ഞാന്‍ എവിടെയെങ്കിലും ഒക്കെ യാത്ര പോകാറുമുണ്ട്. യാത്രകള്‍ പോലെ തന്നെ എനിക്ക് വളരെയേറെ ഇഷ്ട്ടം ഉള്ള കാര്യമാണ് യാത്രാവിവരണം വായിക്കുക എന്നതും. വളരെയേറെ ഇഷ്ടപ്പെട്ടു. ഇനിയും ധാരാളം യാത്രകള്‍ നടത്താനും യാത്രാവിവരണങ്ങള്‍ എഴുതാനും സാധിക്കട്ടെ എന്ന ആശംസയോടെ

നെല്‍സണ്‍

നിരക്ഷരൻ said...

മൊത്തത്തിൽ തീർന്നിട്ട് ഒറ്റയടിക്ക് വായിക്കാനാണ് എന്റെ പരിപാടി :)

Kasim Pmna said...

നന്നായിടുണ്ട്

നല്ല വിവരണം

machu said...

വളരെ നല്ല അവതരണം ...

Shibu Roy said...

valare nannyittundu. thamasichanenkkilum vayikkan kazhinju santhosham

ഇതുവരെ വന്നവര്‍ ...

Copyright © Bindu Krishnaprasad. All rights reserved.

പകര്‍പ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.

Back to TOP