Wednesday, December 28, 2011

പാതിരാമണൽ

പാതിരാമണലില്‍ എന്തുണ്ട് കാണാന്‍ എന്നു ചോദിച്ചാല്‍ ഒന്നുമില്ല....എന്നാൽ, തിരക്കുകളിൽനിന്നും ബഹളങ്ങളിൽനിന്നുമൊക്കെ ഒഴിഞ്ഞ്,  ഏകാന്തമായൊരു പച്ചത്തുരുത്തിൽ, കിളിനാദങ്ങൾക്ക് കാതർപ്പിച്ചുകൊണ്ട്, പൂമ്പാറ്റകളുടെ വർണ്ണഭംഗി നുകർന്നുകൊണ്ട്, ഭൂമിയെ വന്ദിച്ചുനിൽക്കുന്ന വടവൃക്ഷശിഖരങ്ങളെ കവച്ചുവച്ചുകൊണ്ട്, വള്ളിപ്പടർപ്പുകളേയും കാട്ടുപുല്ലുകളേയും വകഞ്ഞുമാറ്റിക്കൊണ്ട്, വെറുതെ.....വെറുതെ... നടക്കാനിഷ്ടമാണോ? എങ്കിൽ പോകൂ..പാതിരാമണലിലേക്ക്...

കുമരകത്തിനും തണ്ണീർമുക്കത്തിനും ഇടയിലായി, വേമ്പനാട്ട് കായലിൽ, 1800 മീറ്റർ ചുറ്റളവിലുള്ള ഒരു ചെറുദ്വീപാണ് പാതിരാമണൽ. ആലപ്പുഴയിലെ തണ്ണീർമുക്കം പഞ്ചായത്തിലുൾപ്പെട്ട സ്ഥലമാണിത്. ആലപ്പുഴയിൽ നിന്ന് ഒന്നരമണിക്കൂർ ബോട്ടുയാത്ര ചെയ്താൽ ദ്വീപിലെത്താം. കോട്ടയം വഴിയാണെകിൽ കുമരകത്തുനിന്നും ബോട്ടുണ്ട്. എന്നാൽ, ഏറ്റവും എളുപ്പമാർഗ്ഗം റോഡുവഴി മുഹമ്മയിലെത്തി, കായിപ്പുറം ജെട്ടിയിൽ നിന്ന് പോകുന്നതാണ്. കായിപ്പുറത്തുനിന്ന് 2 കിമീ ദൂരമേയുള്ളു പാതിരാമണലിലേക്ക്. ബോട്ടിൽ കഷ്ടിച്ച് പത്തു മിനിട്ടേ വേണ്ടൂ. നാടൻ വള്ളം വേണമെങ്കിൽ അതും ലഭ്യമാണ്.

കായലിൽ സന്ധ്യാവന്ദനത്തിനിറങ്ങിയ ബ്രാഹ്മണയുവാവിനു മുന്നിൽ കായൽ വഴിമാറി കരയായി മാറിയ സ്ഥലമെന്ന് ഐതിഹ്യം. തിരുവിതാംകൂർ രാജാക്കന്മാരുടെ കൈവശമായിരുന്ന ഈ ദ്വീപ് “അനന്തപത്മനാഭൻ തോപ്പ്” എന്നാണത്രേ അറിയപ്പെട്ടിരുന്നത്. പിന്നീട് ഇത് ആൻഡ്രൂസ് പെരേര എന്ന പോർച്ചുഗീസ് നാവികന് കൈമാറപ്പെടുകയും, 1979ൽ ഭൂപരിഷ്കരണനിയമം നടപ്പിലായ സമയത്ത് ഗവണ്മെന്റ് ഏറ്റെടുക്കുകയും, തുടർന്ന് വിനോദസഞ്ചാര വകുപ്പിന്റെ കീഴിലാവുകയും ചെയ്തു. ദ്വീപിൽ അന്ന് താമസമുണ്ടായിരുന്ന പന്ത്രണ്ട് കൂടുംബങ്ങളെ മുഹമ്മയിലേക്ക് പുനരധിവസിപ്പിക്കുകയാണ് ചെയ്തത്. നിലവിലിവിടെ ആൾത്താമസമില്ല.

കായിപ്പുറത്ത് ഞങ്ങളെത്തുമ്പോൾ പതിനൊന്നര മണിയായി. മാതൃഭൂമി“യാത്ര”-യിൽ നിന്ന് ബോട്ടുഡ്രൈവർമാരുടെ നമ്പറുകൾ സംഘടിപ്പിച്ചിട്ടുണ്ടായിരുന്നു. അതിലൊന്നിൽ വിളിച്ചപ്പോൾ അധികം താമസിയാതെ ഡ്രൈവർ എത്തി. പാതിരാമണലിൽ ഹോട്ടലുകളും മറ്റും ഇല്ലാത്തതുകൊണ്ട് ഭക്ഷണമൊക്കെ കയ്യിൽ കരുതുന്നതാണ് നല്ലതെന്ന് അയാൾ പറഞ്ഞു. കായിപ്പുറത്തെ ജങ്ഷനിലുള്ള ചെറിയൊരു ഹോട്ടലിൽ നിന്ന് ഊണ് പൊതിഞ്ഞുവാങ്ങി ഞങ്ങൾ യാത്ര തിരിച്ചു.

രണ്ടു കിമീ മാത്രം ദൂരത്തുള്ള ദ്വീപ് ബോട്ടിലിരുന്നുതന്നെ കാണാമായിരുന്നു:
ബോട്ട് കരയോടടുത്തപ്പോൾ:
ഞങ്ങളെ ദ്വീപിൽ വിട്ടശേഷം ഡ്രൈവർ പോയി. എപ്പോഴാണ് മടങ്ങേണ്ടതെന്നുവച്ചാൽ വിളിച്ചാൽ മതി; അയാൾ എത്തിക്കൊള്ളാമെന്ന് പറഞ്ഞു.

പാതിരാമണലിൽ സന്ദർശകരെ സ്വാഗതം ചെയ്യുന്ന ബോർഡ്:
വിവിധതരം കണ്ടൽച്ചെടികളുടെയും മറ്റു ചെടികളുടേയും ആവാസകേന്ദ്രമായ, മണലും ചെളിയും  കലർന്ന ഭൂപ്രദേശമാണിതെന്ന് ഇതിൽ പറയുന്നു. ഇവിടത്തെ സസ്യ-ജന്തു വൈവിധ്യത്തെക്കുറിച്ചും രേഖപ്പെടുത്തിയിട്ടുണ്ട്.
ദ്വീപിനുള്ളിലേക്ക് നീളുന്ന പാത:
മഴ തൽക്കാലം ഒഴിഞ്ഞു നിൽക്കുകയായിരുന്നെങ്കിലും, മഴക്കാലമായതുകൊണ്ടാവാം, അധികം സന്ദർശകരെയൊന്നും കണ്ടില്ല.

ദ്വീപിലൂടെ ലക്ഷ്യമൊന്നുമില്ലാതെ തലങ്ങും വിലങ്ങും ഞങ്ങൾ നടന്നു... വിശന്നപ്പോൾ പൊതി തുറന്ന് ഭക്ഷണം കഴിച്ചു.  മീൻ‌കറിയും, മീൻ പൊരിച്ചതും,  പൊടിമീൻ തോരനും, സാമ്പാറുമൊക്കെയായി  വിഭവസമൃദ്ധമായിരുന്ന  ആ ഊണിന്റെ രുചി പറഞ്ഞറിയിക്കാനാവാത്തതാണ്. മുഹമ്മ വഴി പോകുന്ന ഭക്ഷണപ്രിയർ  കായിപ്പുറത്തെ “വൈദ്യരു ചേട്ടന്റെ കട” എന്ന കൊച്ചുഹോട്ടലിൽ നിന്ന് ഊണു വാങ്ങാൻ മറക്കല്ലേ... മറന്നാലതൊരു വലിയ നഷ്ടമായിരിക്കും. വൈദ്യരു ചേട്ടന്റെ കടയേപ്പറ്റി ജീവൻ ടീവി യിലെ “നളപാചക”ത്തിൽ വന്നത് ഇവിടെ കാണാം.

പച്ച പുതച്ച തോടുകളും കുളങ്ങളും......

പേരറിയാത്ത ചിത്രശലഭങ്ങൾ....

ഉള്ളിലേയ്ക്കുള്ളിലേക്കു പോകുന്തോറും വഴി തീർത്തും വിജനവും ഇരുണ്ടതുമായിക്കൊണ്ടിരുന്നു...പാതയിലുടനീളം കരിങ്കൽ കഷ്ണങ്ങൾ വിരിച്ചിരുന്നത് സത്യത്തിൽ നടപ്പ് കൂടുതൽ ദുഷ്കരമാക്കുകയാണ് ചെയ്തതെന്ന് പറയാതെ വയ്യ...


മറ്റു ചില കാഴ്ചകൾ: (അത് വർണ്ണിക്കാനുള്ള കവിഹൃദയമൊന്നും ഇല്ലാത്തതുകൊണ്ട് കൂടുതൽ എഴുതുന്നില്ല...)




തഴച്ചു വളർന്നു കെട്ടുപിണഞ്ഞു നിൽക്കുന്ന ഭീമൻ കൈതകൾ.....



പിന്നേയും കുറേ ദൂരം പോയപ്പോൾ പാത ഏതാണ്ട് അവസാനിച്ച മട്ടായി. ചെളിയും വെള്ളവും കലർന്ന ചതുപ്പുപ്രദേശവും അതിലേക്ക് കെട്ടുപിണഞ്ഞു താഴ്ന്നുകിടക്കുന്ന വൃക്ഷശിഖരങ്ങളുമാണ് മുന്നിൽ കണ്ടത്.  എങ്ങിനെയെങ്കിലും ചെളിയിലൂടെ മുന്നോട്ടു പോകാമെന്നുവച്ചാൽതന്നെയും,  ചതുപ്പിന് എത്രത്തോളം ആഴമുണ്ടെന്ന് യാതൊരു ഊഹവുമില്ലാത്തതുകൊണ്ട്, വന്ന വഴിയത്രയും തിരിച്ചുനടക്കാൻ ഞങ്ങൾ തീരുമാനിച്ചു. “ഇടവേള” എന്ന സിനിമയിലെ അവസാനരംഗങ്ങളാണ് അന്നേരമൊരു  മിന്നല്‍പ്പിണർ പോലെ മനസ്സിലേക്ക് പാഞ്ഞുവന്നത്.

ഞങ്ങൾ തിരിഞ്ഞുനടക്കാനൊരുങ്ങുമ്പോൾ ഒരു സംഘം ആളുകൾ അതുവഴിവന്നു. അങ്ങോട്ടു വഴിയില്ലെന്ന വിവരം ഞങ്ങൾ അറിയിച്ചു. പക്ഷെ അവർ ഈ ദ്വീപിലെ വഴികളത്രയും കാണാപാഠമാക്കിയവരായിരുന്നു. ബോട്ടുകടവിലേക്കിനി നിസ്സാരദൂരം മാത്രമേ ഉള്ളുവെന്നും തിരിച്ചുനടന്നാൽ ഒരുപാടുദൂരം നടക്കേണ്ടിവരുമെന്നും അവർ പറഞ്ഞു. ഒരല്പം കഷ്ടപ്പെട്ടാൽ ഈ ചതുപ്പ് മുറിച്ചുകടന്ന് എളുപ്പത്തിൽ കടവിലെത്താവുന്നതെയുള്ളുവെന്നും, അവരുടെ കൂടെ പോന്നോളാനും പറഞ്ഞു. അങ്ങനെ അവരുടെ സഹായത്താൽ, മുട്ടൊപ്പമുള്ള ചെളിയിലൂടെ, നൂണ്ടും നുഴഞ്ഞും ഞങ്ങളും അവരോടൊപ്പം നീങ്ങി. കൈപിടിച്ചുകയറ്റിയും ക്യാമറാബാഗും മറ്റും ഏറ്റുവാങ്ങിയും അവർ ശരിക്കും കൂടെത്തന്നെ നിന്നു സഹായിച്ചു. താഴ്ന്നു നിൽക്കുന്ന മരക്കൊമ്പുകൾക്കടിയിലൂടെ, വള്ളിപ്പടർപ്പുകൾ വകഞ്ഞുമാറ്റി നൂണ്ടുകടക്കാനാണ് ഏറെ കഷ്ടപ്പെട്ടത്. മേലാസകലം ചെളിയും വെള്ളവും മറ്റ് അവശിഷ്ടങ്ങളുമായാണ് ഞങ്ങൾ പുറത്തെത്തിയത്. തുടക്കത്തിൽ ഒരു മടിയും പേടിയുമൊക്കെ തോന്നിയിരുന്നെങ്കിലും, ഈ യാത്രയെ അവിസ്മരണീയമായ ഒന്നാക്കിമാറ്റിയത് ഒരല്പം സാഹസികത നിറഞ്ഞ ഈ അനുഭവം തന്നെയായിരുന്നുവെന്ന് പറയാതെ വയ്യ.

അവർ പറഞ്ഞതു ശരിയായിരുന്നു. ചതുപ്പിനു പുറത്തെ വള്ളിക്കുടിൽ കടന്നുകഴിഞ്ഞപ്പോഴേക്കും ഞങ്ങൾ പുറപ്പെട്ട ഇടമായിക്കഴിഞ്ഞു. ഞങ്ങളോടു യാത്ര പറഞ്ഞ് അവർ കാടിന്റെ മറ്റൊരു ഭാഗത്തേക്ക് ഉത്സാഹത്തോടെ നടന്നുപോയി.
ഭൂമിയെ വന്ദിച്ച്....
ഞങ്ങൾ വിളിക്കാതെതന്നെ ബോട്ട് എത്തിക്കഴിഞ്ഞിരുന്നു. വസ്ത്രങ്ങളിൽ പറ്റിയിരുന്ന ചെളിയും മറ്റും കടവിലെ വെള്ളത്തിൽ കഴുകിവൃത്തിയാക്കിയശേഷം ഞങ്ങൾ ബോട്ടിൽ കയറി. ഡ്രൈവറോട് യാത്രാനുഭവം  വിവരിച്ചപ്പോൾ അയാൾ മറ്റൊരു സംഭവം പറഞ്ഞു. ഒരിക്കലിതുപോലെ ദ്വീപിലേക്ക് കയറിപ്പോയ രണ്ടുപേർ വഴിയറിയാതെ ഉൾക്കാട്ടിൽ കുടുങ്ങിപ്പോയത്രേ. ഏറെനേരമായിട്ടും ഇവർ തിരിച്ചെത്താഞ്ഞ് അന്വേഷിച്ചെത്തിയ ബോട്ടുകാരാണ് ഇവർ കാട്ടിൽ കുടുങ്ങിയതായി മനസ്സിലാക്കിയത്. അവരൊക്കെ കിണഞ്ഞു പരിശ്രമിച്ചിട്ടും രക്ഷിക്കാനാകാതെ അവസാനം ഫയർ ഫോഴ്സിനെ  വിളിച്ചുവരുത്തേണ്ടിവന്നുപോലും! വളരെ അപൂർവ്വമായി ഇത്തരം ചില സംഭവങ്ങൾ ഉണ്ടാകാറുണ്ട്.

ബോട്ട് നീങ്ങി....കായൽക്കാറ്റേറ്റ് വസ്ത്രങ്ങൾ ഉണങ്ങിത്തുടങ്ങുമ്പോഴേക്കും പുറകിൽ പാതിരാമണൽ അകന്നകന്നുപോയി അകലെയൊരു ഇരുണ്ട പച്ചവര മാത്രമായിത്തീർന്നിരുന്നു.....

20 comments:

Pheonix said...

Kurachu koodi vivarikkamayirunnu chechi, BTW very nice.

ഹരീഷ് തൊടുപുഴ said...

ഞാനും ഒരിക്കല്‍ പോയിട്ടുണ്ട്..

ഒരു യാത്രികന്‍ said...

കൊതിപ്പിച്ചു. പോണം, എന്നെകിലും......സസ്നേഹം

Neema said...

ബിന്ദൂ.. ചിത്രങ്ങളോരോന്നും വല്ലാതെ മോഹിപ്പിച്ചു.. പേരിലെ "മണല്‍" ചിത്രങ്ങളിലെങ്ങും ഉണ്ടായിരുന്നില്ല!! അവിടം മുഴവും കാണുന്നത് പോലെ കാവ്/കാട് ആയിരുന്നോ? :-)))

Unknown said...

ബിന്ദു...വളരെ നല്ല വിവരണം..തിരക്കുകൾ നിറഞ്ഞ നഗരക്കാഴ്ചകളേക്കാളും എന്തുകൊണ്ടും മനോഹരവും, ആസ്വാദ്യകരവും പ്രകൃതിയിലേയ്ക്കുള്ള ഇത്തരം യാത്രകളാണ്. വള്ളിപ്പടർപ്പുകളേയും കാട്ടുപുല്ലുകളേയും വകഞ്ഞുമാറ്റിക്കൊണ്ട്, വെറുതെ.....വെറുതെ...(ആ ഓർമ്മ പോലും കൊതിപ്പിക്കുന്നു)ആ നടപ്പിന്റെ ഒരു മനോഹാരിത അക്ഷരങ്ങളിൽനിന്നും അനുഭവിക്കുവാൻ സാധിക്കുന്നുണ്ട്.ഇനി നാട്ടിലെത്തുന്നതുവരെ ഇതുപോലെയുള്ള പോസ്റ്റുകളിലൂടെ മാത്രം ആ മനോഹാരിത ആസ്വദിക്കാം..ആശംസകൾക്കൊപ്പം ഈ പോസ്റ്റിന് പ്രത്യേകം നന്ദി..

അനില്‍ഫില്‍ (തോമാ) said...

വേമ്പനാട്ട് കായലില്‍ കുമരകത്തിനും ആലപ്പുഴക്കും ഇടയില്‍ ഇതുപോലെ മനോഹരമായ മറ്റൊരു സ്ഥലമാണ് ആര്‍ ബ്ലോക്ക്, സ്ര്‍ക്കാര്‍ ബോട്ടിന്റെ യാത്രാപഥത്തില്‍ തന്നെ ആയതിനാല്‍ കുറഞ്ഞ ചിലവില്‍ എത്തിച്ചേരാം, ദ്വീപില്‍ ആള്‍താമസവും കൊതിയൂറും വിഭവങ്ങളൊരുക്കുന്ന ഒരു നാടന്‍ കള്ളു ഷാപ്പുമുണ്ട്.

ബിന്ദു കെ പി said...

നീമാ: അവിടം മുഴുവൻ കാട് തന്നെയാണ്.
അനിൽഫിൽ: നന്ദി, ഈ വിവരത്തിന്. ഒരിക്കൽ പോണം അവിടെ....

Lazar D'silva said...

പതിവുപോലെ മനോഹരമായ ചിത്രങ്ങള്‍...

മുഹമ്മയില്‍ നിന്ന് കള്ളിന്റെ നേര്‍ത്ത ലഹരിയുമായി രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് കുമരകത്തേയ്ക്ക് കൂട്ടുകാരുമായി നടത്തിയ ആ അതികാല്പനികമായ ബോട്ടുയാത്ര മനസ്സില്‍... വിദൂരതയില്‍ പാതിരാമണല്‍ കണ്ടത് ഓര്‍ക്കുന്നു. ഓര്‍മ്മകളില്‍ തൊട്ടതിന് നന്ദി!

Typist | എഴുത്തുകാരി said...

പാതിരാമണൽ, ആ പേരു കേൾക്കുമ്പോൾ തന്നെ ഒരു സുഖം. അവിടേയും പ്ലാസ്റ്റിക് കുപ്പികൾ (അവസാനത്തെ പടം).

മനോജ് കെ.ഭാസ്കര്‍ said...

സഞ്ചാരികളുടെ (നാട്ടുകാരുടേയും) പ്ലാസ്റ്റിക്

ആക്രമണത്തില്‍

മലിനമാക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്

പാതിരാമണല്‍....

ബിന്ദു കെ പി said...

പാതിരാമണലിൽ കുപ്പത്തൊട്ടികൾ വച്ചിട്ടുണ്ടെങ്കിലും ആരും അവ ഉപയോഗിക്കാതെ കുപ്പികളും മറ്റും അവിടെയും ഇവിടെയും വലിച്ചെറിഞ്ഞിരിക്കുകയാണ്. അതാണ് നമ്മുടെ പൗരബോധം!

അഭി said...

നല്ല വിവരണം ചേച്ചി , ചിത്രങ്ങള്‍ എല്ലാം മനോഹരമായിരിക്കുന്നു

പുതുവത്സരാശംസകള്‍

Anonymous said...

പാതിരാമണലിൽ, പുലരി വെട്ടത്തില്‍ ഒരു നാള്‍ പോകണം.. ഒരു യാത്ര, യാത്രാമൊഴിയില്ലാതൊരു യാത്ര... വിവരണം നന്നായിട്ടുണ്ട്.

നിരക്ഷരൻ said...

ഒരു മിനിറ്റേ.. ഒന്നു രണ്ട് കാര്യങ്ങൾ പറയാനുണ്ടേ.. :)

1. മീൻ‌കറിയും, മീൻ പൊരിച്ചതും, പൊടിമീൻ തോരനും, സാമ്പാറുമൊക്കെയായി വിഭവസമൃദ്ധമായിരുന്ന ആ ഊണിന്റെ രുചി പറഞ്ഞറിയിക്കാനാവാത്തതാണ്.

ഇതെന്തോന്ന് ? യാത്രാവിവരണത്തിന്റെ സകല മര്യാദകളും നിയമങ്ങളും തെറ്റിച്ചിരിക്കുന്നു. യാത്രയെപ്പറ്റി കൊതിപ്പിക്കാം, അതിനിടയിൽ ഭക്ഷണത്തെപ്പറ്റിക്കൂടെ കൊതിപ്പിക്കരുത്. അതാണ് നിയമം. (എസ്.കെ.പി. പീനൽ കോഡ് ആൿറ്റ് 12, പേജ് 317)

2. പാതിരാമണലിന്റെ ഐതിഹ്യം ഇപ്പോഴാണ് മനസ്സിലാക്കുന്നത്. അതിന് നന്ദി.

3. ഒരിക്കൾ പോകണം എന്നിട്ട് വഴി തെറ്റി കാട്ടിൽ‌പ്പെട്ട് ഫയർ‌ഫോർസിന് പോലും കണ്ടുപിടിക്കാനാവാത്ത വിധം ഒരാഴ്ചയെങ്കിലും അതിനകത്ത് കൂടണം.

4. ഇതിനകത്ത് പാമ്പൊന്നും ഇല്ലല്ലോ അല്ലേ ?

:):)

ഗൗരിനാഥന്‍ said...

പാതിരാമണല്‍ നേരിട്ട് കാണുമ്പോള്‍ പക്ഷെ ഫോട്ടോയില്‍ കാണുന്നത്ര ഭംഗി തോന്നിയില്ല കേട്ടോ..കിടിലന്‍ ഫോട്ടോകള്‍..

ബഷീർ said...

യാത്രാവിവരണവും ചിത്രങ്ങളും മനോഹരമായി ..കൊതിപ്പിക്കുന്നതായി


>>താഴ്ന്നു നിൽക്കുന്ന മരക്കൊമ്പുകൾക്കടിയിലൂടെ, വള്ളിപ്പടർപ്പുകൾ വകഞ്ഞുമാറ്റി നൂണ്ടുകടക്കാനാണ് ഏറെ കഷ്ടപ്പെട്ടത് <<

ഈ കഷ്ടപ്പാട് തീറ്റി കുറച്ചാല്‍ ഒഴിവാക്കാം :)

ജയരാജ്‌മുരുക്കുംപുഴ said...

ആശംസകള്‍....................................... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌......... വികസ്സനത്തിന്റെ ജനപക്ഷം ........................ വായിക്കണേ.............

tnbchoolur said...

pathiramanal vivaranam pettannu theernnathukondu vallathavishamam thonni.avide shalabhathe kandathukoodathe mattujiivkal..?

ജെ പി വെട്ടിയാട്ടില്‍ said...

ഞാന്‍ ഇതുവഴി വന്നിട്ട് കുറേ നാളായി. വായിച്ചപ്പോള്‍ എനിക്കും പോകണം എന്ന് തോന്നി. ഞാന്‍ ഇപ്പോള്‍ ഇങ്ങിനെ അലഞ്ഞു നടക്കുന്ന ഒരു ആളാണ്.

യാത്രകള്‍ തന്നെ. കുറേ ഫോട്ടോസ് എടുക്കും. പിന്നെ ബ്ലൊഗ്ഗിങ്ങും.

കാണാം വീണ്ടും

Unknown said...

അടിപൊളി വിവരണം ..

ഇതുവരെ വന്നവര്‍ ...

myfreecopyright.com registered & protected

Copyright © Bindu Krishnaprasad. All rights reserved.

പകര്‍പ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.

Back to TOP