രണ്ടാം ഭാഗം ഇവിടെ വായിക്കുക.
അടുത്ത ദിവസത്തെ പാക്കേജില്‍ ഉണ്ടായിരുന്നത് പ്രധാനമായും ബീച്ചുകള്‍, അവയെ ചുറ്റിപ്പറ്റിയുള്ള water sports, under water walking എന്നിവയായിരുന്നു. പക്ഷേ നിര്‍ഭാഗ്യമെന്നു പറയട്ടെ, മഴ പൂര്‍വ്വാധികം ശക്തി പ്രാപിച്ചിരിക്കുന്ന കാഴ്ചയാണ് അന്ന് രാവിലെ ഉണര്‍ന്നപ്പോള്‍ കണ്ടത്. ഇന്നലെ കണ്ട, സൗമ്യഭാവത്തോടെയുള്ള മഴയല്ല ഇന്ന്. ശക്തിയായ കാറ്റിനോടൊപ്പം മഴ ഒരു സംഹാരരുദ്രയെപ്പോലെ നിന്നലറുന്നു! ഇന്നത്തെ കാര്യം കുളമായതുതന്നെ എന്ന് തോന്നി. എങ്കിലും കൃത്യസമയത്ത് റെഡിയായി ഞങ്ങള്‍ റിസപ്ഷനിലേക്കു ചെന്നു. പ്രതീക്ഷിച്ചതുപോലെതന്നെ, ഇന്നത്തെ ടൂര്‍ ക്യാന്‍സല്‍ ചെയ്തുവെന്ന വിവരമാണ് ലഭിച്ചത്. കടല്‍ വളരെ പ്രക്ഷുബ്ധമായതുകൊണ്ട് ബീച്ചിലെ ടൂര്‍ പരിപാടികളെല്ലാം നിറുത്തിവച്ചിരിക്കുകയാണത്രേ. മറ്റൊന്നും ചെയ്യാന്‍ നിര്‍വ്വാഹമില്ലെന്ന് പറഞ്ഞ് അവര്‍ കൈമലര്‍ത്തി. പിന്നെ ആകെ ചെയ്യാവുന്ന കാര്യം, വാടകയ്ക്ക് കാറു വേണമെങ്കില്‍ അവര്‍ ഏര്‍പ്പാടാക്കിത്തരും; അതില്‍ സ്വയം ഡ്രൈവ് ചെയ്ത് ചുമ്മാ ചുറ്റിക്കറങ്ങാമെന്നുള്ളതാണ്. യാതൊരു പരിചയവുമില്ലാത്ത ഒരു സ്ഥലത്ത്, വഴികളോ, സ്ഥലങ്ങളോ ഒന്നും നിശ്ചയമില്ലാതെ എങ്ങോട്ട് ഡ്രൈവ് ചെയ്യാനാണ് എന്നൊക്കെ ഞാന്‍ ആശങ്കാകുലയായി നില്ക്കുമ്പോഴേക്കും, കേട്ട പാതി കേള്‍ക്കാത്ത പാതി,പ്രസാദ് കാര്‍ ബുക്കു ചെയ്തുകഴിഞ്ഞു! ഒക്കെ വരുന്നിടത്തുവച്ചു കാണാം എന്ന നിലപാടാണ് കക്ഷിക്ക്. പതിനഞ്ചു മിനിട്ടിനകം കാര്‍ റെഡി. ഇന്ത്യയിലേപ്പോലെ വലംകൈ ഡ്രൈവാണ് ഇവിടെയും. അങ്ങനെ ആ കോരിച്ചൊരിയുന്ന മഴയത്ത്, ഹോട്ടലുകാര്‍ തന്ന ഭൂപടങ്ങളുമായി ഞങ്ങള്‍ പുറപ്പെട്ടു. മൗറീഷ്യസിന്റെ തലസ്ഥാനമായ പോര്‍ട്ട് ലൂയിസില്‍ എത്തിപ്പെടുക എന്നതായിരുന്നു പ്രധാന ലക്ഷ്യം.മഴയുടെ രൗദ്രത കാരണം വഴിയില്‍ പലയിടത്തും കാര്‍ നിറുത്തിയിടേണ്ടിവന്നു. ചിലപ്പോഴൊക്കെ വഴി തെറ്റുകയും ചെയ്തു. (പിന്നെ, ഇതൊരു ദ്വീപായതുകൊണ്ട് ഒരു ഗുണമുണ്ട്: വഴിതെറ്റി എങ്ങോട്ടു തിരിഞ്ഞുപോയാലും ചെന്നെത്തുന്നതൊരു കടല്‍ത്തീരത്തായിരിക്കും).
ടൂറിസ്റ്റുകളുടെ ബഹളമൊന്നുമില്ലാതെ, വിജനമായി കിടക്കുന്ന ഒരു തീരത്ത് കാര്‍ നിറുത്തി കുറച്ചുനേരം ഞങ്ങളവിടെ ചിലവഴിച്ചു. മഴയൊന്ന് തോര്‍ന്ന നേരമായിരുന്നു അത്.
മരങ്ങളിലൊക്കെ പലതരം പക്ഷികളുടെ കലപിലകള്‍.....മൈനയും ബുള്‍ബുളും കുരുവികളും കൂടാതെ പേരറിയാത്ത അനേകം പക്ഷികള്‍..
അക്കൂട്ടത്തില്‍ കണ്ട ഒരു ഇത്തിരിക്കുഞ്ഞന്:
പോകെപോകെ, വഴി ഞങ്ങളെ ഒരു കാട്ടുപ്രദേശത്തിലേക്ക് നയിച്ചു. ഇരു വശങ്ങളിലും വന്വൃക്ഷങ്ങള് തിങ്ങിനില്ക്കുന്ന കാട്ടുപാതയായിരുന്നു പിന്നേ കുറച്ചുദൂരം....
കണിക്കൊന്നകളുടെ സാന്നിദ്ധ്യമാണ് മറ്റൊരു കൗതുകം. കാട്ടില്‍, പാതയോരങ്ങളില്‍, പാര്‍ക്കുകളില്‍, എന്നുവേണ്ട എവിടെ നോക്കിയാലും ധാരാളം കണിക്കൊന്നകള്‍ പൂത്തുലഞ്ഞുനില്ക്കുന്നതു കാണാമായിരുന്നു....
പോര്‍ട്ട് ലൂയീസിന്റെ തെരുവീഥികളിലൂടെ പ്രത്യേകിച്ച് ലക്ഷ്യമൊന്നുമില്ലാതെ, കാഴ്ചകള്‍ കണ്ടും കടകള്‍ കയറിയിറങ്ങിയും തലങ്ങും വിലങ്ങും ഏറെ നേരം ഞങ്ങള്‍ നടന്നു. അതിനിടയിലാണ് Mauritius Natural History Museum കണ്ടുപിടിച്ചത്. അപ്പോഴേക്കും സമയം ഉച്ചതിരിഞ്ഞ് രണ്ടുമണി കഴിഞ്ഞു. മ്യൂസിയം അഞ്ചുമണിക്ക് അടയ്ക്കും. ഒരു റസ്റ്റോറന്റിൽ കയറി ഉച്ചഭക്ഷണം കഴിച്ചശേഷം നേരെ മ്യൂസിയത്തിലേക്ക് ചെന്നു.
മൗറീഷ്യസിന്റെ ചരിത്രവും ഭൂമിശാസ്ത്രവുമൊക്കെ വിശദമായി പ്രതിപാദിക്കുന്ന ആ മ്യൂസിയം കാണാതെ പോയിരുന്നെങ്കില്‍ അത് വലിയൊരു നഷ്ടം തന്നെ ആകുമായിരുന്നു. നൂറ്റാണ്ടുകള്‍ക്കു പുറകിലേതോ കാലഘട്ടത്തില്‍ ചെന്നെത്തിയതുപോലെയാണ് എനിക്കു അനുഭവപ്പെട്ടത്. ഇവിടെ ഫോട്ടോയെടുപ്പ് കര്‍ശനമായി നിരോധിച്ചിരിക്കുന്നു.
നൂറ്റാണ്ടുകൾക്കുമുൻപു തന്നെ വംശനാശം സംഭവിച്ചുകഴിഞ്ഞ, ഡോഡോ(Dodo) എന്ന പക്ഷിയേപ്പറ്റി അറിയാനിടവന്നത് ഇവിടെ വച്ചാണ്.
[ചിത്രം വിക്കിപീഡിയയിൽ നിന്നെടുത്തത്]
പ്രാവുകളുടെ കുടുംബത്തിൽ പെടുന്നതും, മൂന്നടിയിലധികം ഉയരവും ഇരുപതു കിലോയിലധികം തൂക്കവുമുള്ളതും, എന്നാൽ പറക്കാൻ കഴിവില്ലാത്തതുമായ പക്ഷിയായിരുന്നുവത്രേ ഡോഡോ. മൗറീഷ്യസിൽ ജനവാസം ഇല്ലാതിരുന്ന കാലത്ത് മറ്റു പക്ഷിമൃഗാദികളോടൊപ്പം സ്വൈര്യമായി വിഹരിച്ചിരുന്ന ഡോഡോയ്ക്ക് കഷ്ടകാലം തുടങ്ങിയത് ദ്വീപിൽ മനുഷ്യർ കാലുകുത്തിയതോടെയാണ്. പതിനാറാം നൂറ്റാണ്ടിൽ ഇവിടെയെത്തിയ ഡച്ചുകാരാണ് പ്രധാനമായും ഡോഡോയുടെ വംശനാശത്തിന് കാരണക്കാരെന്ന് കരുതപ്പെടുന്നു. ദ്വീപിൽ മനുഷ്യവാസം ആരംഭിച്ച് ഏതാണ്ട് ഒരു നൂറ്റാണ്ടിനകം തന്നെ ഡോഡോ ഈ ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായതായി കണക്കാക്കപ്പെടുന്നു.
ഡച്ചുകാരുടെ യാത്രാരേഖകളിലും മറ്റും ഈ പക്ഷിയെ പറ്റി വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. പിന്നീട് പലവട്ടം മൗറീഷ്യസിൽ നടന്ന ഉത്ഖനനങ്ങളിൽ നിന്ന് ഡോഡോയുടെ നിരവധി ഫോസിലുകളും മറ്റു അവശിഷ്ടങ്ങളും ലഭിക്കുകയുണ്ടായി. ഇതെല്ലാം കൂട്ടിച്ചേർത്തുകൊണ്ടാണ് ഡോഡോയുടെ ഏകദേശരൂപം ശാസ്ത്രകാരന്മാർ ഉണ്ടാക്കിയിട്ടുള്ളത്.
എന്തായാലും, തങ്ങളൊരിക്കൽ പോലും കണ്ടിട്ടില്ലാത്തെ ഈ പക്ഷിയെ മൗറീഷ്യൻ ജനത ഇന്ന് നെഞ്ചിലേറ്റിയിരിക്കുക തന്നെയാണ്. ഒരു പ്രായശ്ചിത്തം പോലെ! ഡോഡോ ഇന്ന് മൗറീഷ്യസിന്റെ ദേശീയചിഹ്നവും അവരുടെ സാംസ്കാരിക പാരമ്പര്യത്തിന്റെ ഭാഗവുമാണ്. നോട്ടുകൾ, നാണയങ്ങൾ, സ്റ്റാമ്പുകൾ, തീപ്പെട്ടിക്കൂടുകൾ, ടീഷർട്ടുകൾ എന്നുവേണ്ട , നിത്യജീവിതവുമായി ബന്ധപ്പെട്ട ഒട്ടുമിക്ക വസ്തുക്കളും ഡോഡോയുടെ ചിത്രം പേറുന്നു. വലിയൊരു ഭാഗം തന്നെ ഡോഡോയ്ക്കായി നീക്കിവച്ചിട്ടുള്ള മ്യൂസിയത്തിൽ എഴുതിവച്ചിട്ടുള്ള പല വരികളും ഹൃദയത്തിൽ തട്ടുന്നവയാണ്. അതിൽനിന്ന് ഞാൻ കുറിച്ചെടുത്ത വരികളിതാ:
The Dodo was doomed. It is not known for certain if the Portuguese released pigs or rats on the island, But the Dutch certainly did.
The introduced animals in search of an easy snack, soon found the bird's eggs and chicks.
Unfamiliar with the predators - at least in the beginning - the dodo was an easy catch for the hungry sailors. Extinction was inevitable.
മ്യൂസിയം അടയ്ക്കാനുള്ള സമയമായതോടെ ഞങ്ങൾ പുറത്തിറങ്ങി. താണ്ടിയ വഴികളെല്ലാം തിരിച്ചുതാണ്ടി ഇരുട്ടും മുമ്പേ ഹോട്ടലിൽ ചെന്നുപറ്റണമെങ്കിൽ ഇപ്പോൾ തന്നെ പുറപ്പെട്ടേ മതിയാവൂ... റസ്റ്റോറന്റിൽ നിന്നോരോ ചായയും അകത്താക്കി ഞങ്ങളുടനെ പുറപ്പെട്ടു...
കൃഷിയിടങ്ങളിലൊന്നിൽ വരിവരിയായി നിൽക്കുന്ന കുറ്റിച്ചെടികൾ കണ്ടു കൗതുകം തോന്നി, അടുത്തുചെന്നു നോക്കിയപ്പോഴാണ് മനസ്സിലായത്: നമ്മുടെ സ്വന്തം കാന്താരി!! വെറുതെ ഒരു കൗതുകത്തിന് ഞാൻ മൂന്നുനാലു കാന്താരിമുളകു പറിച്ചു ബാഗിലിട്ടു.
നാളെ മൗറീഷ്യസിൽ നിന്ന് മടങ്ങാനുള്ള ദിവസമാണ്. അതുകൊണ്ട് ടൂർപാക്കേജുകൾ ഒന്നുമില്ല. വൈകുന്നേരം എയർപോർട്ടിലേക്ക് കൊണ്ടുവിടാനുള്ള വണ്ടി വരുംവരെ ഒന്നും ചെയ്യാനില്ല. ചുമ്മാ ഹോട്ടലിൽ ഇരുന്നിട്ട് എന്തുചെയ്യാനാണെന്നു പറഞ്ഞ് പ്രസാദ് നാളെയ്ക്കു കൂടി കാർ ബുക്കു ചെയ്തു.
പ്രതികൂല കാലാവസ്ഥയായിരുന്നിട്ടും, കാണേണ്ട സ്ഥലങ്ങളൊന്നും തന്നെ കൃത്യമായി നിശ്ചയമില്ലാതിരുന്നിട്ടും, ടൂറിസ്റ്റ് വാഹനമോ, ഗൈഡോ, സഹയാത്രികരോ ഒന്നുമില്ലാതിരുന്നിട്ടും, എന്തുകൊണ്ടോ, ഇന്നലത്തെ യാത്രയേക്കാൾ ഞങ്ങൾ അസ്വദിച്ചത് ഇന്നത്തെ സവാരി തന്നെ. കണ്ടിരിക്കേണ്ട പല പ്രധാനപ്പെട്ട കാര്യങ്ങളും വിട്ടുപോയിട്ടുണ്ടാവാം. ഉണ്ടാവാം എന്നല്ല, ഉണ്ട്. എങ്കിലും...ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ദേശത്ത്, അറിയാത്ത വഴികളിലൂടെ, അപരിചിതരായ നാട്ടുകാരുമായി ഇടപഴകിക്കൊണ്ട് വണ്ടിയോടിക്കുന്നതിന്റെ ത്രിൽ പറഞ്ഞറിയിക്കാനാവാത്തതാണ്...
ഇന്നത്തെ യാത്രയിൽ മനസ്സിനോടൊപ്പം പോന്നത് തീർച്ചയായും ഡോഡോ തന്നെ. പ്രിയപ്പെട്ട പക്ഷീ, നീ എവിടെയാണ്....? ഒരിക്കൽക്കൂടി നീ ഈ മരതക ദ്വീപിലേക്ക് തിരിച്ചുവന്നെങ്കിൽ.....ഇവരുടെ ഈ സ്നേഹവായ്പ് ഏറ്റുവാങ്ങിയെങ്കിൽ.....
[തുടരും....]
9 comments:
നല്ല രസത്തോടെ വായിച്ചു. ഇഷ്ടായി.
നല്ല വിവരണം ചേച്ചി
ചിത്രങ്ങളും സൂപ്പര്‍
ഡോഡോയെ പരിചയപെടുത്തിയതിനു നന്ദി
തുടരു ആശംസകള്‍
കൊള്ളാം നല്ല ചിത്രങ്ങള്‍. നല്ല വിശദമായ വിവരണം.കണിക്കൊന്ന തന്നെയായിരുന്നു എനിക്കും മൌറീഷ്യസിലെ ആദ്യ കൌതുകം. ഞാന്നും ഓര്‍മകളിലൂടെ ഒന്ന് കറങ്ങി..... ..സസ്നേഹം
വിവരണം വളരെ നന്നായിരിക്കുന്നു...ചിത്രങ്ങളും..
തുടരും.........
:-))
good :)))
ബിന്ദു,
യാത്രകൾ മനോഹരമാവുന്നത് സത്യത്തിൽ ഇത്തരം അപ്രതീക്ഷിത സന്ദർഭങ്ങളീലാണു. സ്ഥിരം സ്ഥലങ്ങളും സ്ഥിരം പാകേജുകളിൽ നിന്നു മാറിയും കാണാൻ ഒരുപാടുണ്ടാവും. നല്ല ചിത്രങ്ങളും വിവരണവും.
ക്യുർ പൈപ്പ് ന്റെ ഡിപ്പോട്ടുകൾ അവിടെ ഉണ്ടോ?
ശ്ശൊ എന്നാ പറയാ
ഒരു ഭാഗവും വായിച്ചു തീരുമ്പോള്‍ ,ശെരിക്കും യാത്ര ചെയ്ത ഫീല്‍ ,,,,,,,
Post a Comment