Tuesday, July 5, 2011

മൗറീഷ്യസിലൂടെ....(ഭാഗം രണ്ട്)

ഒന്നാം ഭാഗം ഇവിടെ വായിക്കുക.

പിറ്റേദിവസം പ്രാതല്‍ കഴിച്ച് തയ്യാറായപ്പോഴേക്കും ഞങ്ങള്‍ക്കുള്ള വാഹനം എത്തി. ചെറിയൊരു ബസ്സാണ്. ഞങ്ങളെ കൂടാതെ മറ്റുപല ദേശക്കാരുമുണ്ട്. ഇന്ത്യക്കാരായി ഞങ്ങള്‍ മാത്രം.  മൂഡി എന്നായിരുന്നു ഗൈഡിന്റെ പേര്.  ഒരു മെഗാഫോണുമായി നിന്നിരുന്ന മൂഡി, അധികം താമസിയാതെ  മൗറീഷ്യസിന്റെ ചരിത്രവും ഭൂമിശാസ്ത്രവുമൊക്കെ വിശദീകരിച്ചുകൊണ്ട് വാചാലനാവാന്‍ തുടങ്ങി. പല ദേശക്കാരായ യാത്രികര്‍ക്കു മുന്നില്‍ ഇംഗ്ലീഷ്-ഫ്രഞ്ച്-ജര്‍മ്മന്‍ ഭാഷകളെടുത്തിട്ട് അമ്മാനമാടുന്ന മൂഡിയുടെ കുശലത പ്രശംസനീയം തന്നെ.

വാഹനം ചെന്നു നിന്നത് Curepipe എന്ന സ്ഥലത്തുള്ള  Trou Aux Cerfs-ല്‍ ആണ്.  പതിനഞ്ചു ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പ് സമുദ്രത്തിലുണ്ടായ അഗ്നിപര്‍വ്വതസ്ഫോടനത്തില്‍ നിന്ന് രൂപം കൊണ്ട ദ്വീപാണ് മൗറീഷ്യസ് എന്നു പറഞ്ഞുവല്ലോ.   ഇന്ന് സുപ്താവസ്ഥയിലുള്ളതുംഏതാണ്ട് ഏഴ്-എട്ട് ലക്ഷം വര്‍ഷങ്ങള്‍ക്കുമുമ്പുവരെ  സജീവമായിരുന്നെന്ന് വിശ്വസിക്കപ്പെടുന്നതുമായ   അഗ്നിപര്‍വ്വതമാണ് Trou Aux Cerfs.   സമുദ്രനിരപ്പില്‍ നിന്ന് 600 മീറ്ററിലധികം ഉയരത്തിലുള്ള ഈ അഗ്നിപര്‍വ്വതമുഖം, ഏതാണ്ട് മുന്നൂറ്റമ്പതോളം മീറ്റര്‍ ചുറ്റളവും 80-100 മീറ്ററോളം ആഴവുമുള്ള  വലിയൊരു ഗര്‍ത്തത്തിന്റെ രൂപത്തിലാണ് ഇന്നുള്ളത്.  ഗര്‍ത്തത്തിന്റെ മദ്ധ്യഭാഗത്ത്  ഒരു തടാകത്തിലെന്നപോലെ വെള്ളം നിറഞ്ഞിരിക്കുന്നു. അതിനുചുറ്റുമായി ഇടതൂര്‍ന്നൊരു കൊച്ചുവനം സൃഷ്ടിച്ചിരിക്കുന്നു, പ്രകൃതീശ്വരി. കണ്ണും മനസ്സും  ഒരുപോലെ കുളിര്‍പ്പിക്കുന്ന  ഒരു കാഴ്ചയെന്ന് പ്രത്യേകം പറയേണ്ടല്ലോ...
പുതിയ ക്യാമറ ആദ്യമായി ബാഗില്‍നിന്ന് പുറത്തെടുത്തു...പട്ടിക്ക് പൊതിക്കാത്ത തേങ്ങ കിട്ടിയ അവസ്ഥയിലാണ് സംഗതി കയ്യിലിരിക്കുന്നത്...തല്‍ക്കാലം “ഓട്ടോ” മോഡിലിട്ട് ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു....
ഈ ഈ നിശബ്ദസൗന്ദര്യത്തില്‍ സ്വയമര്‍പ്പിച്ച്  എറെ നേരം നില്‍ക്കാന്‍  ആരും അഗ്രഹിച്ചുപോകും. പക്ഷേ, സമയമധികമില്ലെന്ന ഗൈഡിന്റെ ഓര്‍മ്മപ്പെടുത്തല്‍ മൂലം ചുറ്റുപാടുമുള്ള മറ്റു കാഴ്ചകളാസ്വദിക്കാന്‍   ഞങ്ങളെല്ലാം പിന്തിരിഞ്ഞു.  Trou Aux Cerfs-നും ചുറ്റും കണ്ണോടിച്ചാല്‍ മൗറീഷ്യസിന്റെ  ദൂരവീക്ഷണം ലഭിക്കും.
പല രൂപത്തിലുള്ള മലനിരകള്‍ അതിരിടുന്ന കാഴ്ചകളാണ് ചുറ്റിലും.  ഈ മലകള്‍ക്കൊക്കെ പേരുകളുമുണ്ട്. അതിലൊന്ന് തികച്ചും കൗതുകമുണര്‍ത്തി. മൂന്നു മലകളുടെ ഈ കൂട്ടത്തിന്  Les Trois Mamelles എന്നാണ് പേര്. മൂന്നു സ്തനങ്ങള്‍ എന്നാണത്രേ ഇതിനര്‍ത്ഥം!
Curepipe-ലെ നഗരഭാഗത്തേക്കാണ് ബസ് പിന്നെ നീങ്ങിയത്. ഷോപ്പിങ്ങിന് പറ്റിയ സ്ഥലമാണെന്നു പറഞ്ഞാണ് അങ്ങോട്ടു പോയത്. പ്രകൃതിദൃശ്യം ആസ്വദിക്കാന്‍ വളരെ കുറച്ചു സമയം മാത്രം അനുവദിച്ച മൂഡി, ഷോപ്പിങ്ങിന് അനുവദിച്ചത് ഏതാണ്ട് ഒന്നര മണിക്കൂറോളമാണ്!! അവിടെ എത്തിയപ്പോഴേക്കും മഴ ചാറാന്‍ തുടങ്ങി. 
 
നല്ല വൃത്തിയും വെടിപ്പുമുള്ള നഗരം.....  
 
മഴയെ അവഗണിച്ച് എല്ലാവരും പുറത്തിറങ്ങി.   തുണിത്തരങ്ങള്‍ , കൗതുകവസ്തുക്കള്‍ , പുസ്തകങ്ങള്‍ , സ്ഫടികസാധനങ്ങള്‍ മുതലായവയുടെ കടകളാണ് മിക്കതും. തനിക്ക്  താല്പര്യമുള്ള കടകളില്‍ നിന്ന് എന്തെങ്കിലും വാങ്ങിപ്പിക്കുവാന്‍  മൂഡി പ്രത്യേകശ്രദ്ധ പുലര്‍ത്തി. അയാള്‍ക്ക് “സംതിങ്ങ്” തടയുന്ന കാര്യമായിരിക്കുമെന്നുറപ്പ്. (ഇത്തരം കച്ചവട മനോഭാവം പാക്കേജ് ടൂറുകളുടെ വലിയൊരു ന്യൂനതയാണെന്നത് പറയാതെ വയ്യ).  പോക്കറ്റിന് തീരെ ഇണങ്ങാത്ത വിലയാണ് സാധങ്ങള്‍ക്കൊക്കെ. വില  രേഖപ്പെടുത്തിയിരിക്കുന്നത് യൂറോയിലും. എല്ലാം തിരിച്ചും  മറിച്ചും നോക്കിയതല്ലാതെ ഞങ്ങളൊന്നും വാങ്ങിയില്ല. കണ്ണില്‍ കണ്ടതൊക്കെ “വൗ! വൗ!” എന്നു പറഞ്ഞ് വാങ്ങിക്കൂട്ടിയ സായിപ്പന്മാരും ഇല്ലാതില്ല.
ഒരു തുണിക്കട:
ഷോപ്പിങ്ങ് കഴിഞ്ഞ് ബസ്സ് നീങ്ങിയപ്പോള്‍ മൂഡി പറഞ്ഞത്, ഇനി നമ്മള്‍ കാണാന്‍ പോകുന്നതൊരു “ഷിപ്പ് മേക്കിങ്ങ് ഫാക്ടറി”യാണ് എന്നാണ്. ശരിയ്ക്കും ഒരു കപ്പല്‍ നിര്‍മ്മാണ ശാലയിലേക്കാണ് കൊണ്ടുപോകുന്നത് എന്നാണ് ഞാന്‍ ധരിച്ചത്. പക്ഷേ അവിടെ ചെന്നപ്പോഴല്ലെ അബദ്ധം മനസ്സിലായത്. സംഗതി കപ്പല്‍ നിര്‍മ്മാണശാല തന്നെ. പക്ഷേ അവിടെ ഉണ്ടാക്കുന്നത് പായ്ക്കപ്പലുകളുടേയും ബോട്ടുകളുടേയുമൊക്കെ ചെറു മാതൃകകളാണെന്നുമാത്രം! അതി മനോഹരമായ ഈ ശില്പങ്ങള്‍ ഉണ്ടാക്കുന്നത് തേക്കിന്‍ തടിയിലാണത്രേ. ഇവ ഉണ്ടാക്കുന്നതിന്റെ വിവിധ ഘട്ടങ്ങളൊക്കെ ചുറ്റിനടന്നു കണ്ടു. ചെറുതും വലുതുമായ ധാരാളം ശില്പങ്ങള്‍ വില്‍ക്കാന്‍ വച്ചിട്ടുണ്ട്.  ഇവിടെയും വിലയുടെ ആധിക്യം ഒരു പ്രശ്നം തന്നെ. അങ്ങനെ, മൂഡിയുടെ കണ്ണില്‍ ഞങ്ങള്‍ വെറും കഞ്ഞികളായി മാറിയെന്ന് ചുരുക്കം...  
കാശ്മീരി ഷോളുകളും പരവതാനികളും മറ്റും വില്‍ക്കുന്ന ഒന്നു രണ്ടു കടകളിലും കൂടി കൊണ്ടുപോയി എന്തെങ്കിലുമൊക്കെ വാങ്ങിപ്പിക്കാന്‍ വിഫലശ്രമം നടത്തിയ മൂഡി പിന്നെ ഞങ്ങളെ  കൂട്ടിപോയത് മൗറീഷ്യസിന്റെ ഹൃദയഭാഗത്തുള്ള  Ganga Talao അല്ലെങ്കില്‍ Grand Bassin എന്നറിയപ്പെടുന്ന തടാകക്കരയിലേക്കാണ്. സമുദ്രനിരപ്പില്‍നിന്നും 1800 അടി ഉയരത്തിലാണിത് സ്ഥിതിചെയ്യുന്നത്. ഇതിനോടു ചേര്‍ന്ന് വലിയൊരു ശിവക്ഷേത്രവും  ലക്ഷ്മി, ഗണപതി, ഹനുമാന്‍,കൃഷ്ണന്‍ തുടങ്ങിയ മറ്റു പ്രതിഷ്ഠകളും ഉണ്ട്. പാര്‍വതീസമേതനായി യാത്ര ചെയ്യുകയായിരുന്ന ശിവന്റെ തലയിലെ ഗംഗയില്‍ നിന്നും ഏതാനും തുള്ളികള്‍ ഉതിര്‍ന്നുവീണുണ്ടായ തടാകമാണെന്ന് ഐതിഹ്യം.  മറ്റൊരു അഗ്നിപര്‍വ്വതമുഖ-തടാകമാണെന്ന് ചരിത്രമതം.  എന്തായാലും, ഇന്ന് ഹിന്ദുക്കളുടെ പ്രധാന തീർത്ഥാടനകേന്ദ്രമാണിവിടം. ശിവരാത്രിയാണ് പ്രധാന ഉത്സവം. ശിവരാത്രിക്ക് 2-3 ദിവസങ്ങള്‍ മാത്രം ബാക്കിയുള്ള അവസരമായിരുന്നു അത്.
 
  ഒരു നിഴല്‍ പോലെ കൂടെയുള്ള മഴ അപ്പോഴേക്കും തകര്‍ത്തുപെയ്യാന്‍ തുടങ്ങിയിരുന്നു.  മഴയത്തിറങ്ങാന്‍ മടിച്ച് ചിലരൊക്കെ ബസ്സില്‍ തന്നെയിരുന്നു. അങ്ങനെ നോക്കിയാല്‍ ഈ യാത്ര വെറുതെയാവുകയേയുള്ളു. ക്യാമറയും കക്ഷത്തിലടക്കി ഞങ്ങള്‍ മറ്റുള്ളവരോടൊപ്പം പുറത്തിറങ്ങി. ഐതിഹ്യപ്രകാരം തടാകത്തിലെ ജലം പരിപാവനമായി കണക്കാക്കപ്പെടുന്നു. ഈ ജലം ഭക്തിപൂര്‍വ്വം തലയിലൊഴിക്കാനും കുപ്പിയില്‍ ശേഖരിക്കാനുമൊക്കെ ആളുകള്‍ തിക്കിത്തിരക്കി..
തടാകക്കാഴ്ച:
ഉത്സവത്തിനുള്ള ഗംഭീര ഒരുക്കങ്ങള്‍ ക്ഷേത്രത്തിലും പരിസരത്തും നടന്നുകൊണ്ടിരിക്കുന്നു. ശിവരാത്രി പ്രമാണിച്ച് അഭൂതപൂര്‍വ്വമായ ജനതിരക്ക്. ഏതൊരു ഉത്തരേന്ത്യന്‍ ക്ഷേത്രത്തിലും ചെന്നാലുള്ള അതേ അന്തരീക്ഷം....ഇന്ത്യക്കു വെളിയിലുള്ള ഒരേയൊരു ജ്യോതിര്‍‌ലിംഗമാണ് ഇവിടത്തേത് എന്ന്  ഒരു ബോര്‍ഡില്‍ എഴുതിവച്ചിട്ടുണ്ട്.  
അധികം താമസിയാതെ ഞങ്ങളെല്ലാം പുറത്തുകടന്നു....ഇന്ത്യയിലെ വിനായകചതുര്‍ത്ഥി ആഘോഷങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ , തടാകപരിസരത്ത് ശിവരാത്രി ആഘോഷത്തിനുള്ള രഥങ്ങളും അവയില്‍ സ്ഥാപിച്ചിട്ടുള്ള കൂറ്റന്‍ പ്രതിമകളും തയാറായിക്കൊണ്ടിരിക്കുന്നു....ശിവന്‍, ഹനുമാന്‍, ശ്രീരാമന്‍ തുടങ്ങി എല്ലാവരും ഇക്കൂട്ടത്തിലുണ്ട്.
   ഇവിടത്തെ മറ്റൊരു മുഖ്യ ആകര്‍ഷണമായ,  108 അടി ഉയരമുള്ള കൂറ്റന്‍ ശിവപ്രതിമയെ ബസ്സിലിരുന്ന് പെരുമഴയുടെ മറയിലൂടെ, ഒരു നിഴല്‍‌പോലെ കാണാനേ സാധിച്ചുള്ളൂ. ഫോട്ടൊയെടുക്കാന്‍ പറ്റിയില്ല.

ഉച്ചഭക്ഷണത്തിനുള്ള സമയമായിരിക്കുന്നു. ബസ് നേരെ റസ്റ്റോറന്റിലേക്ക്  നീങ്ങി. യൂറോപ്യന്‍ വിഭവങ്ങള്‍ തന്നെ ഇവിടെയും. ഭക്ഷണം വിളമ്പാനും ബില്‍ തയ്യാറാക്കാനുമൊക്കെ അധികവും സ്ത്രീകള്‍ . മിക്കവര്‍ക്കും ആഫ്രിക്കന്‍ മുഖഛായ.  പോകുന്നിടത്തൊക്കെ ഒരു കാര്യം ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചത്, മൗറീഷ്യസുകാര്‍ ചെമ്പരത്തിപ്പൂവിന് കല്‍പിച്ചിട്ടുള്ള സ്ഥാനമാണ്. (വന്നുവന്ന് നമുക്കിടയില്‍ ചെമ്പരത്തിപ്പൂവ് ബുദ്ധിഭ്രമത്തിന്റെ ചിഹ്നമായി മാറിയിരിക്കുകയാണല്ലോ). അതിഥി സല്‍ക്കാരത്തിന്റെ/സ്വീകരണത്തിന്റെ ഇടങ്ങളിലൊക്കെ ചെമ്പരത്തിപ്പൂവ്  പ്രദര്‍ശിപ്പിച്ചുവച്ചിരിക്കുന്നു!!  പരന്ന സ്ഫടിക പാത്രങ്ങളില്‍ വെള്ളമൊഴിച്ച്, അതില്‍ പൊങ്ങിക്കിടക്കുന്ന രീതിയിലാണ് പൂക്കള്‍ ഇട്ടിരിക്കുന്നത്.  ചിലയിടങ്ങളില്‍ സ്ത്രീകള്‍ ചെമ്പരത്തിപ്പൂവ് മുടിയില്‍ ചൂടിയിട്ടുള്ളതായും കണ്ടു!

ഉച്ചഭക്ഷണശേഷം Chmarel എന്ന പ്രകൃതിരമണീയമായ ഗ്രാമത്തിലേക്കാണ് പോകുന്നതെന്ന് മൂഡി അറിയിച്ചു. അങ്ങോട്ട് പോകും വഴി റം  ഉല്പാദിപ്പിക്കുന്ന ഒരു ഡിസ്റ്റിലറിയിലും കയറി. കരിമ്പിന്‍ ചണ്ടിയില്‍ നിന്നാണ് റം ഉണ്ടാക്കുന്നത്. കരിമ്പുകൃഷി വ്യാപകമായിട്ടുള്ള മൗറീഷ്യസില്‍ , പഞ്ചസാര ഫാക്ടറികള്‍ക്കു പുറമേ റമ്മും ബിയറുമൊക്കെ ഉല്പാദിപ്പിക്കുന്ന ഇത്തരം ഡിസ്റ്റിലറികളും ധാരാളമായുണ്ട്. ലോകത്തില്‍  ഏറ്റവും കൂടുതല്‍ റം ഉല്പാദിപ്പിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണത്രേ  മൗറീഷ്യസ്.  ഡിസ്റ്റിലറിയിലെ ഉപകരണങ്ങളും റം ശേഖരിച്ചുവച്ചിരിക്കുന്ന വീപ്പകളുമൊക്കെ ഒന്നോടിച്ചു കാണാനുള്ള സമയമേ ഉണ്ടായിരുന്നുള്ളു.   ആല്‍ക്കഹോളിന്റെ തോത്,  പഴക്കം   മുതലായവയെ അടിസ്ഥാനമാക്കി പലതരത്തിലും ഗുണത്തിലുമുള്ള റം  ചെറിയ കുപ്പികളില്‍ അവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ടായിരുന്നു. രുചിച്ച് നോക്കിയശേഷം ഏതാണെന്നുവച്ചാല്‍ ആവശ്യക്കാര്‍ക്ക് അവിടുന്നുതന്നെ വാങ്ങുകയും ചെയ്യാം. 
ഡിസ്റ്റിലറി:
 ഞങ്ങളുടെ വാഹനം Chamarel-ല്‍ അരമണിക്കൂറിനകം എത്തി. പാടങ്ങളും മലകളുമൊക്കെയായി  പ്രകൃതിഭംഗി നിറഞ്ഞുതുളുമ്പുന്ന ഒരിടം. എങ്ങും പച്ചപ്പ്.  അവിടത്തെ മുഖ്യാകര്‍ഷണമായ വെള്ളച്ചാട്ടം  കാണണമെങ്കില്‍ വണ്ടി നിറുത്തിയിടത്തുനിന്ന് കുറച്ചു മുകളിലേക്ക് നടന്നു കയറണം. St.Denis, Viande Salee എന്നീ രണ്ടു  നദികളില്‍നിന്നാണ് ഈ വെള്ളച്ചാട്ടം ഉണ്ടായിരിക്കുന്നത്.  ഇടതിങ്ങിയ പച്ചപ്പിനു നടുവിലുള്ള ഒരു ഭീമന്‍ പാറയ്ക്കു മുകളില്‍ നിന്ന് എതാണ്ട്  നൂറു മീറ്ററോളം താഴ്ചയിലേക്ക് ആര്‍ത്തലച്ചുവീഴുന്ന വെള്ളച്ചാട്ടത്തിന്റെ ദൃശ്യം ചേതോഹരം തന്നെ.  മഴ പെയ്തതുകൊണ്ട്  ആകെ കലങ്ങിമറിഞ്ഞ് കൂലം കുത്തിയൊഴുകുകയാണ് വെള്ളം. അല്ലായിരുന്നെങ്കില്‍ സാധാരണ ഈ സമയത്ത് വെള്ളച്ചാട്ടം തീരെ ശുഷ്കിച്ചാണ് കാണപ്പെടുകയത്രേ.  (മഴ പെയ്തത് നന്നായെന്ന് അപ്പോള്‍ തോന്നി). 
  
Chamarel-ലെ മറ്റൊരു പ്രധാന ആകര്‍ഷണം  Seven Coloured  Earth  എന്ന, പല  നിറത്തിലുള്ള മണ്ണാണ്.  ഈ  ഭാഗം വേലികെട്ടി തിരിച്ചിരിക്കുകയാണ്.  അഗ്നിപര്‍വ്വതസ്ഫോടനത്തിനുശേഷം ഉണ്ടായ, നിരവധി ധാതുക്കളാല്‍ സമ്പുഷ്ടമായ ലാവപ്പാറകള്‍ ജലസാന്നിദ്ധ്യം മൂലം കാലക്രമേണ മൃദുവാകുകയും, അവയില്‍ ധാതുവിഘടനം സംഭവിക്കുകയും ചെയ്യുന്നു. ജലത്തില്‍ ലയിച്ചുചേരുന്നവ ജലത്തോടൊപ്പം ഒഴുകിപ്പോകുമ്പോള്‍ ലേയത്വമില്ല്ലാത്ത ഇരുമ്പ്, അലൂമിനിയം മുതലായാവയുടെ വന്‍ ശേഖരം ആ മണ്ണില്‍ ബാക്കിയാവുന്നു. അത്തരത്തില്‍ അവശേഷിക്കപ്പെട്ട മണ്ണിന്റെ ദൃശ്യമാണ് ഇവിടെ കാണുന്നത്. പ്രധാനമായും ഇരുമ്പിന്റേയും അലൂമിനിയത്തിന്റേയും സം‌യുക്തങ്ങളാണ്(Fe2o3,AL2O3, etc..) മണ്ണിന് പലതരം നിറങ്ങള്‍കൊടുക്കുന്നതത്രേ. ചുവപ്പ്,മറൂണ്‍ ,നീല,പര്‍പ്പിള്‍ ,മഞ്ഞ തുടങ്ങിയ നിറങ്ങളുടെ വിവിധ ഷേഡുകള്‍ ഏറിയും കുറഞ്ഞും കാണാം. ഏഴുനിറമുള്ള മണ്ണാണെന്നാണ് ഇവിടത്തുകാര്‍ പറയുന്നത്. ഒരു ദിവ്യാത്ഭുതം എന്ന മട്ടില്‍ ഇതിനെചുറ്റിപ്പറ്റി ചില അന്ധവിശ്വാസങ്ങളും ഇല്ലാതില്ല. എന്തായാലും മനോഹരമായ ഒരു കാഴ്ച തന്നെ.  
“സപ്തവര്‍ണ്ണഭൂമി”യോടു ചേര്‍ന്ന്, വിശ്രമിക്കാനും കുട്ടികള്‍ക്ക് കളിക്കാനുമൊക്കെയായി ചെറിയൊരു പാര്‍ക്കും ഉണ്ട്. അവിടെ കണ്ട ഭീമന്‍ ആമകള്‍ (Giant Tortoise) കൗതുകമുണര്‍ത്തി.  
വൈകുന്നേരമായി. ഇന്നത്തെ ടൂര്‍ ഇവിടെ അവസാനിക്കുന്നു...ഹോട്ടലില്‍ തിരിച്ചെത്താന്‍ പിന്നെയും ഒന്നര മണിക്കൂറെടുത്തു. നേരെ റസ്റ്റോറന്റില്‍ ചെന്ന് അത്താഴം കഴിച്ച് മുറിയിലേക്ക് മടങ്ങി...  ഭക്ഷണക്കാര്യത്തില്‍ ഒരു തനിനാടന്‍ മട്ടുകാരിയാണു  ഞാന്‍. എന്റെ നാവിനു വല്ലപ്പോഴും മാത്രം  പരിചയമുള്ള വിദേശരുചികള്‍ ഇവിടെ പല പ്രാവശ്യം ആവര്‍ത്തിക്കേണ്ടി വന്നതോടെ  രുചിമുകുളങ്ങളെന്നോട് പിണങ്ങാന്‍ തുടങ്ങിയിരുന്നു........                                                                                                                                                     [തുടരും....]

13 comments:

Manickethaar said...

നന്നായിട്ടുണ്ട്‌....പിന്നേ
കണ്ണില്‍ കണ്ടതൊക്കെ “വൗ! വൗ!” എന്നു പറഞ്ഞ് വാങ്ങിക്കൂട്ടിയ സായിപ്പന്മാരും ഇല്ലാതില്ല.

അഭി said...

നല്ല വിവരണം ചേച്ചി
തുടരു...

Kaithamullu said...

പോട്ടംസ് നന്നായിട്ടുണ്ടല്ലോ?

ബാക്കി ഭാഗങ്ങള്‍‍ക്ക് കാത്തിരിക്കുന്നു..

അലി said...

കൊള്ളാം.. ചിത്രങ്ങൾ കൂടിയായപ്പോൾ ഗംഭീരമായി.

sijo george said...

Interesting & informative. waiting for the next part. :)

ഫൈസല്‍ said...

കിടിലോല്‍ കിടിം

Appu Adyakshari said...

നല്ല വിവരണം ബിന്ദൂ. വായിച്ചിട്ട് ഉണ്ണിമോൾ അവിടെ പോകണം എന്നു പറയുന്നു.

അനില്‍@ബ്ലോഗ് // anil said...

നന്നായിട്ടുണ്ട് , ചങ്ങാതീ.
ചിത്രങ്ങളും ആസ്വദിച്ചു.
തുടരുക.

Anil cheleri kumaran said...

ചിത്രങ്ങൾ അതി മനോഹരം.

Typist | എഴുത്തുകാരി said...

നല്ല ചിത്രങ്ങള്‍, നല്ല വിവരണം.

രഘുനാഥന്‍ said...

നല്ല വിവരണവും പടങ്ങളും...

poor-me/പാവം-ഞാന്‍ said...

Enjoying your lines...who's the six pack wala gentle man, shown in cartoon and foto? got from Mauritius? complementary gift by hotel? Carry on chechy..( I am talking about writing only)

Unknown said...

ഒരു യാത്ര ചെയ്ത ഫീല്‍ കിട്ടുന്നുണ്ട്‌ ഫോട്ടോസ് കൂടി ഉള്ള വിവരണം കൂടി ആയപ്പോള്‍ ,,,ഏതാണ് ക്യാമറ വെടിച്ചേ /?

കാണാത്ത സ്ഥലങ്ങള്‍ ,,അതും മനോഹരമായി വിവരിച്ചു തന്ന ചേച്ചിക്ക് ഒരായിരം നന്ദി

പിന്നെ ചെറിയ ഒരു നിര്‍ദേശം ,,ഇതില്‍ പകെജിനു വരുന്ന ചിലവും കൂടി ഉള്‍പ്പെടുത്തിയാല്‍ മ്മടെ കൊക്കില്‍ ഒതുങ്ങതാണോ എന്നരിയാനുല്‍ ഒരവസരം കൂടി കിട്ടും ,,,,,,

ഇതുവരെ വന്നവര്‍ ...

myfreecopyright.com registered & protected

Copyright © Bindu Krishnaprasad. All rights reserved.

പകര്‍പ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.

Back to TOP