Monday, July 25, 2011

മൗറീഷ്യസിലൂടെ....(ഭാഗം നാല്)

ഒന്നാം ഭാഗം ഇവിടെ വായിക്കുക.
രണ്ടാം ഭാഗം ഇവിടെ വായിക്കുക.
മൂന്നാം ഭാഗം ഇവിടെ വായിക്കുക.

മൗറീഷ്യസിലെ അവസാന ദിവസമാണിന്ന്. മഴയിനിയും പിൻ‌വാങ്ങാനുള്ള ഭാവമില്ല. ഇന്നലെ യാത്രയ്ക്കുപയോഗിച്ച കാറുതന്നെ ഇന്നും ഏർപ്പാടാക്കിയിട്ടുണ്ട്. അധികം ചുറ്റിക്കറങ്ങാനുള്ള സമയം ഇന്നില്ല. നാലുമണിക്കുള്ളിൽ തിരിച്ചെത്തണം....

റസ്റ്റോറന്റിൽ പോയി പ്രാതൽ കഴിച്ചശേഷം ഒമ്പതുമണിയോടെ കോരിച്ചൊരിയുന്ന മഴയെ വകവയ്ക്കാതെ ഞങ്ങൾ പുറപ്പെട്ടു.  ഇവിടെ നിന്ന് അധികം ദൂരത്തല്ലാതെ വലിയൊരു പച്ചക്കറി മാർക്കറ്റുണ്ടെന്നു അറിഞ്ഞ് നേരെ അങ്ങോട്ടു പോയി.  മാർക്കറ്റ് സാമാന്യം വലുതുതന്നെ. സെക്കന്തരാബാദിലെ പച്ചക്കറിമാർക്കറ്റാണ് എനിക്കോർമ്മ വന്നത്. ധാരാളം ഫ്രഷ് പച്ചക്കറികളും പഴങ്ങളും നിരത്തിവച്ചിരിക്കുന്നു. നല്ല ജനത്തിരക്കുമുണ്ട്.   മഴ കാരണം മാർക്കറ്റാകെ ചെളിയും വെള്ളവുമായിരുന്നു.  
ഇന്ത്യയിൽ കാണുന്ന എല്ലാത്തരം പച്ചക്കറികളും അവിടെ ഉണ്ട്. എങ്കിലും മൗറീഷ്യസുകാർ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്നതും കഴിക്കുന്നതും “ചൗ ചൗ” എന്നു വിളിക്കുന്ന പച്ചക്കറിയാണ്.  ബാങ്ക്ലൂരിലും ഹൈദ്രാബാദിലുമൊക്കെ ഞാനിത് ധാരാളം കണ്ടിട്ടുണ്ട്.

പൊടുന്നനെ  കാറ്റും മഴയും ശക്തിപ്രാപിച്ചപ്പോൾ  മാർക്കറ്റിന്റെ പരിസരമാകെ വെള്ളത്തിൽ മുങ്ങി. ഏതാണ്ട് ഒരുമണിക്കൂറോളം മാർക്കറ്റിൽ ഞങ്ങൾ കുടുങ്ങിപ്പോയി. മഴയൊന്ന് തോർന്ന്, വെള്ളമിറങ്ങിയപ്പോൾ ഞങ്ങൾ വീണ്ടും യാത്ര തുടർന്നു. Pamplemousses Botanical Garden ആയിരുന്നു ലക്ഷ്യം. വലിയ ബുദ്ധിമുട്ടൊന്നും കൂടാതെ അവിടെ എത്തിച്ചേരാനായി എന്നുള്ളത് അശ്വാസമായി. മഴ ചനുപിനാന്ന് പെയ്യുന്നുണ്ട്.

Pamplemousses Botanical Garden അഥവാ Sir Seewoosagur Ramgoolam Botanical Garden ലോകത്തിലെ  ഏറ്റവും പഴക്കമേറിയ സസ്യോദ്യാനങ്ങളിൽ ഒന്നത്രേ. അറുപത് ഏക്കറോളം വിസ്തീർണ്ണമുള്ള ഈ ഉദ്യാനം 1735-ൽ സ്ഥാപിക്കപ്പെട്ടതാണെങ്കിലും 1768-ൽ Pierre Poivre എന്ന ഫ്രഞ്ച് സസ്യശാസ്ത്രകാരനാണ് വികസിപ്പിച്ചെടുത്തത്. ഒരു തികഞ്ഞ സസ്യസ്നേഹിയായിരുന്ന  Pierre Poivre, ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള ചെടികളും വിത്തുകളും സംഘടിപ്പിച്ച് ഇവിടെ കൊണ്ടുവന്ന്  നട്ടുവളർത്തുന്നതിലും പരിപാലിക്കുന്നതിനുമായി തന്റെ ജീവിതം തന്നെ ഉഴിഞ്ഞുവച്ചു. നൂറ്റാണ്ടുകൾ  കടന്നുപോയിട്ടും യാതൊരു കോട്ടവും തട്ടാതെ ഈ ഉദ്യാനത്തെ നിലനിറുത്തുന്നതിൽ പിന്നീടു വന്ന ഭരണകർത്താക്കളെല്ലാം തന്നെ അതീവ ശ്രദ്ധ പുലർത്തിപ്പോന്നു എന്നുള്ളതാണ് എടുത്തുപറയേണ്ട കാര്യം. 1988 മുതൽ ഈ ഉദ്യാനം മൗറീഷ്യസിന്റെ രാഷ്ട്രപിതാവായ  സർ സീവൂസാഗർ രംഗൂലത്തിന്റെ (Sir Seewoosagur Ramgoolam) പേരിൽ അറിയപ്പെടാൻ തുടങ്ങി. അദ്ദേഹത്തിന്റെ സമാധിയും ഇവിടെ തന്നെയാണ്. സഞ്ചാരികളുടെ പ്രധാന ആകർഷണകേന്ദ്രമാണ് ഇന്നീ സസ്യോദ്യാനം.

ചെറുകുളങ്ങളും തോടുകളും പച്ചത്തുരുത്തുകളുമായി  കണ്ണുകുളിർപ്പിക്കുന്ന കാഴ്ച്ചകളാണ് ഉദ്യാനത്തിലെങ്ങും....

ഈ ഉദ്യാനത്തിലെ മുഖ്യ അകർഷണമാണ് ആമ്പൽക്കുളങ്ങൾ.
അസാധാരണ വലുപ്പമുള്ള ഇലകളും പൂക്കളുമാണ് ഇവിടുത്തെ ആമ്പലുകൾക്ക്(Giant Water Lilies). പൂക്കൾ പല നിറങ്ങളിലുണ്ട്.

ഈ ഉദ്യാനത്തിന്റെ പകുതിയെങ്കിലും വിശദമായി കണ്ടുതീർക്കണമെങ്കിൽ ഒരു ദിവസം മുഴുവനും ചിലവഴിച്ചാലും സാധ്യമാകുമോ എന്ന് സംശയമാണ്. അത്രയ്ക്കാണ് ഇവിടത്തെ സസ്യവൈവിധ്യം. ഞങ്ങൾക്കാണെങ്കിൽ ഇന്ന് സമയം കുറവുമാണ്. അതുകൊണ്ട് എല്ലാം ഒന്നോടിച്ചു കണ്ടതേയുള്ളു.

 വിവിധ ലോകനേതാക്കളും രാജകുടുംബാംഗങ്ങളുമൊക്കെ മൗറീഷ്യസ് സന്ദർശിച്ച അവസരത്തിൽ നട്ടുപിടിപ്പിച്ച മരങ്ങളും അക്കൂട്ടത്തിൽ പ്രത്യേകം ശ്രദ്ധയിൽ പെട്ടു.  മരത്തിന്റെ പേര്, നട്ട ആളുടെ പേര്, പദവി, രാജ്യം, തിയതി മുതലായവ കൃത്യമായി ഓരോ മരത്തിന്റേയും ചുവട്ടിലുള്ള ഫലകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.1970-ൽ ഇന്ദിരാഗാന്ധി നട്ട മരമാണ് താഴെ കാണുന്നത്:


ആ മരത്തിനുചുവട്ടിലുള്ള ഫലകം:

രാഷ്ട്രപിതാവായ  സർ സീവൂസാഗർ രംഗൂലത്തിന്റെ സമാധി:

നേരം ഉച്ചയായി. ഉദ്യാനത്തിൽ നിന്ന് ഞങ്ങൾ പുറത്തുകടന്നു. മനോഹരമായ ബീച്ചുകൾക്കും ബോട്ടുസവാരിക്കുമൊക്കെ പ്രസിദ്ധമായ ഗ്രാന്റ്ബേ(Grand Bay) എന്ന സ്ഥലവും കൂടി സന്ദർശിച്ചിട്ട് ഹോട്ടലിലേക്ക് മടങ്ങാമെന്നു തീരുമാനിച്ചു.

ഗ്രാന്റ് ബേയിൽ ഞങ്ങളെത്തിയപ്പോഴേക്കും രണ്ടരമണികഴിഞ്ഞു. അതികഠിനമായ വിശപ്പ്... ഭക്ഷണം കഴിക്കാതെ ഒരടി പോലും മുന്നോട്ടുവയ്ക്കാൻ കഴിയില്ലെന്ന അവസ്ഥ...വണ്ടി പാർക്കു ചെയ്തശേഷം ടൗണാകെയൊന്നു കണ്ണോടിച്ചപ്പോൾ ധാരാളം ഇന്ത്യൻ ഹോട്ടലുകൾ കണ്ടു.( മൗറീഷ്യസിന്റെ ഈഭാഗത്താണ് ഇന്ത്യക്കാർ കൂടുതലുള്ളതെന്നു തോന്നുന്നു). പക്ഷേ ഹോട്ടലിൽ കേറിച്ചെന്നപ്പോഴല്ലേ പൊല്ലാപ്പ് മനസ്സിലായത്. ഇവിടെ ഉച്ചഭക്ഷണസമയം രണ്ടുമണിക്കു കഴിയുമത്രേ. ഹോട്ടലുകൾ തുറന്നിട്ടുണ്ട്; പക്ഷേ അടുക്കളയിൽ പാചകക്കാരില്ല! അവർ സമയം കഴിഞ്ഞാൽ വീടുകളിൽ പോകുമത്രേ. ഇനി വൈകുന്നേരമേ വരൂ. പിന്നീടങ്ങോട്ട് എട്ടുപത്തു ഹോട്ടലുകളിൽ കയറിയെങ്കിലും എല്ലായിടത്തും ഇതുതന്നെ അവസ്ഥ. അങ്ങനെ അലഞ്ഞുതിരിയുമ്പോൾ പെട്ടിക്കട പോലൊരു സ്ഥലത്ത് “ചപ്പാത്തി” എന്നൊരു ബോർഡ് കണ്ടു. നേരെ അങ്ങോട്ടു ചെന്നു. കടയിൽ പ്രായം ചെന്ന ഒരു സ്ത്രീ ഇരിപ്പുണ്ട്. ഹിന്ദിയിലാണ് സംസാരിച്ചത്. ചപ്പാത്തിയും കറിയുമുണ്ട്; അകത്തേക്കു ചെല്ലാൻ പറഞ്ഞു. കടയോടു ചേർന്നുതന്നെയാണ് അവരുടെ താമസസ്ഥലം. അവിടെ ഒരു ബഞ്ചിലിരുന്ന് ഭക്ഷണം കഴിച്ചു. മതിയാവോളം ചപ്പാത്തിയും കറിയും അവർ വിളമ്പിത്തന്നു.  നല്ല കനത്തിലുള്ള, അരികുകൾ വെന്തിട്ടില്ലാത്ത ചപ്പാത്തിയും, കടുത്ത പുളിയുള്ള എന്തോ ഒരു കറിയുമായിരുന്നെങ്കിലും, അപ്പോഴത്തെ ആ ഭക്ഷണത്തിന്റെ രുചിയുണ്ടല്ലോ... ഹോ, അത് പറഞ്ഞറിയിക്കാൻ എനിക്ക് വാക്കുകളില്ല.... “വിശപ്പിനു രുചിയില്ല” എന്നാണല്ലോ ചൊല്ല്...

പറഞ്ഞുകേട്ടതുപോലെതന്നെ ഗ്രാന്റ് ബേ ഒരു മനോഹരമായ സ്ഥലം തന്നെ. മഴയായതുകൊണ്ടാവാം, ബോട്ടുകളെല്ലാം വിശ്രമത്തിലാണ്. കുറച്ചുനേരം ഞങ്ങളവിടെ ചിലവഴിച്ചു. സമയം വൈകുന്നു...ഇനി തിരിച്ചു പോയേ പറ്റൂ...


മൗറീഷ്യസിലൂടെ തലങ്ങും വിലങ്ങും കാറോടിച്ച കഥകളൊക്കെ പറഞ്ഞിട്ട്, ഇവിടുത്തെ റോഡുകളെ പറ്റി ഒന്നും എഴുതാതിരുന്നാൽ ഈ യാത്രാക്കുറിപ്പ് അപൂർണ്ണമാകും....

ഇവിടെ പട്ടണങ്ങളിലെന്നല്ല, എതു കുഗ്രാമത്തിലൂടെയോ, കൃഷിയിടത്തിലൂടെയോ കടന്നുപോയാലും കുണ്ടും കുഴിയുമില്ലാത്ത, മനോഹരമായ റോഡുകളായിരിക്കും നമ്മെ നയിക്കുക. അതു മാത്രമല്ല, എല്ലാ ജങ്ക്ഷനുകളിലും (അതെത്ര വലുതായാലും ചെറുതായാലും) ട്രാഫിക് സിഗ്നലുകളും ഉണ്ട്.  ഒന്നോ രണ്ടോ വണ്ടികൾ മാത്രം ഒരേസമയം കടന്നുപോകുന്ന തീരെ ചെറിയ ജങ്ക്ഷനുകളിൽ പോലും സിഗ്നലുകൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നു എന്നതും, നിയമം തെറ്റിച്ചുകൊണ്ട് ആരും വിറളി പിടിച്ചോടുന്നില്ല എന്നതുമൊക്കെ കേരളത്തിലെ റോഡുകളിലൂടെ യാത്ര ചെയ്തിട്ടുള്ള ഏതൊരാളേയും വിസ്മയിപ്പിക്കുന്ന കാര്യങ്ങളാണ്. ഓവർടേക്കിങ്ങിനുവേണ്ടിയുള്ള തത്രപ്പാടുകളും ഹോണടികളുമൊക്കെ ഇല്ലാതെയുള്ള ശാന്തമായ റോഡുകൾ ഒരു നവാഗതനുപോലും സുരക്ഷിതവും സുഗമവുമായ ഡ്രൈവിങ്ങ് അനുഭവമാണ് നൽകുന്നത്.

വൈകുന്നേരം ഹോട്ടലിൽ തിരിച്ചെത്തി  സാധനങ്ങൾ പായ്ക്ക് ചെയ്യലും  ബില്ലടയ്ക്കലും കഴിഞ്ഞ് ഒന്നു വിശ്രമിക്കുമ്പോഴേക്കും ഞങ്ങളെ എയർപോർട്ടിൽ വിടാനുള്ള വാഹനമെത്തി.  രാത്രിയോടെ ഡോഡോയുടെ നാടിനോട് ഞങ്ങൾ വിട പറഞ്ഞു.....

                                                                                                             [അവസാനിച്ചു....]

16 comments:

Appu Adyakshari said...

നല്ല വിവരണം ബിന്ദൂ. അവിടെ ചെന്നുകഴിഞ്ഞ പ്രസാദ് കാർ ഓടിച്ചു എന്നതുമാത്രം ഇത്രയും നാൾ എനിക്ക് അറിയില്ലായിരുന്നു കേട്ടോ. ഇനിയും ഒരു പാട് യാത്രകളും വിവരണങ്ങളും ഉണ്ടാകട്ടെ എന്നാശം സിക്കുന്നു പ്രതീക്ഷിക്കുന്നു :-)

ഒരു യാത്രികന്‍ said...

മഴ യാത്ര ഇത്തിരി കുളമാക്കി അല്ലെ?Gaint water lilly ഞാന്‍ കണ്ടില്ല. ആ ചിത്രങ്ങള്‍ മനോഹരം...........സസ്നേഹം

Unknown said...

മുൻവിവരണങ്ങൾ പോലെ ഇതും വളരെ മനോഹരം..ചിത്രങ്ങൾ അതീവ സുന്ദരം..പുതിയ ക്യാമറയുടെ റിസൽട്ട് ആണോ..?

sijo george said...

മുൻഭാഗങ്ങൾ പോലെ തന്നെ മനോഹരമായിരിക്കുന്നു.. ചിത്രങ്ങളും; പ്രത്യേകിച്ചു, Gaint water lilly.. :) ഇനിയും യാത്രാവിവരണങ്ങൾ പോരട്ടെ..

അനില്‍@ബ്ലോഗ് // anil said...

നല്ല സ്ഥലങ്ങൾ.

Typist | എഴുത്തുകാരി said...

അതെ, നല്ല ഭംഗിയുള്ള സ്ഥലങ്ങള്‍.

പാവപ്പെട്ടവൻ said...

മൂന്ന് ഭാഗവും വായിച്ച്..രണ്ടാം ഭാഗത്തിലെ ഫോട്ടൊകൾ ഒന്നും കാണാൻ കഴിഞ്ഞില്ല. ഒക്കെ നന്നായി എഴുതിയിരിക്കുന്നു.ഫോട്ടൊകൾക്ക് ജീവനുണ്ട്.പുതിയ ശ്രമം നന്നായിട്ടുണ്ട്. കുറെ പഴക്കമുള്ള യാത്ര ആയിരുന്നോ..?

Jasy kasiM said...

ഇഷ്ടമായി യാത്രാവിവരണം...മനോഹരമായ ഫോട്ടോകൾ..
കൂടുതൽ യാത്രകളുണ്ടാവട്ടെ..ഇവിടെ അതിന്റെയൊക്കെ പോസ്റ്റുകളും..:)

അഭി said...

നല്ല വിവരണം ചേച്ചി . ആമ്പല്‍ന്റെ ഇല്ല ആണ് കൂടുതല്‍ ഭംഗി ആയി തോന്നിയത്

ഓണാശംസകള്‍

ബഷീർ said...

മനോഹരമായിരിക്കുന്നു ചിത്രങ്ങള്‍.. വിവരണം കുറച്ച് കൂടി വേണമായിരുന്നു എന്ന തോന്നലുണ്ടാക്കി..

അവസാന ചിത്രം മ്മടെ തൃശൂര്‍ -പുഴക്കല്‍ -കുന്ദംകുളം റോഡ് ഇത് പോലെ 2 വശത്തും മരങ്ങളായിരിന്നു. ഇപ്പോഴതെല്ലാം നഷ്ടമായികൊണ്ടിരിക്കുന്നു.

mini//മിനി said...

നല്ല വിവരണം.

ഫൈസല്‍ said...

യാത്രാ വിവരണവും ഫോട്ടോയും ഗംഭീരം അടിപൊളി

JOSEPH said...

Most Beautiful Photos

ഗൗരിനാഥന്‍ said...

നല്ല വിവരണം , പറയാതെ വയ്യ ഫോട്ടോകളെ കുറിച്ച്, ആ ആമ്പലിന്റെ ഇലകള്‍ ശരിക്കും തളിക പോലെ തന്നെ അല്ലേ

കാഴ്ചകളിലൂടെ said...

Coming first here. superb, good pictures. could have been more lengthy.

all the best

waiting for meore

sajeev

Unknown said...

ശെരിക്കും നല്ല ഒരു അടിപൊളി യാത്രയും വിവരണങ്ങളും

ഫോട്ടോസ് എല്ലാം അടിപൊളി ആയിട്ടുണ്ട്‌ ,,,,

ഇതുവരെ വന്നവര്‍ ...

myfreecopyright.com registered & protected

Copyright © Bindu Krishnaprasad. All rights reserved.

പകര്‍പ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.

Back to TOP