Wednesday, November 2, 2011

നവഗ്രഹക്ഷേത്രങ്ങളിലൂടെ ഒരു ഓട്ടപ്രദക്ഷിണം....(2)

ഒന്നാം ഭാഗം ഇവിടെ വായിക്കുക.

പിറ്റേദിവസം രാവിലെ തന്നെ എല്ലാവരും കുളിച്ചൊരുങ്ങി. ഉറക്കം മതിയാവാതെ കുട്ടികള്‍ വാശിപിടിക്കുമോ, അമ്മയ്ക്ക് വയ്യാതായിപ്പോകുമോ എന്നിങ്ങനെയുള്ള ആശങ്കകളൊക്കെ ഉണ്ടായിരുന്നെങ്കിലും കുഴപ്പമൊന്നും ഉണ്ടായില്ല.

കുംഭകോണത്തുനിന്ന് 15 കി.മീ ദൂരത്തുള്ള സൂര്യക്ഷേത്രത്തിലേക്കാണ് ഇന്ന് ആദ്യത്തെ  യാത്ര. ആടുതുറൈ എന്ന സ്ഥലത്തിനടുത്താണ് ഈ ക്ഷേത്രം.

തമിഴ്നാടിന്റെ “അന്നപാത്രം” എന്ന് വിശേഷിക്കപ്പെടുന്ന തഞ്ചാവൂരിലെ കുഗ്രാമങ്ങളിലൂടെയാണ് വണ്ടി കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. ആ പേരിനെ അന്വര്‍ത്ഥമാക്കുന്ന കാഴ്ചകളാണ് ഇരു വശങ്ങളിലുമായി ഓടിമറയുന്നത്. നോക്കെത്താദൂരത്തോളം പരന്നു കിടക്കുന്ന നെല്പാടങ്ങളും, ആമ്പലുകളും താമരകളും പൂത്തുലഞ്ഞുനില്‍ക്കുന്ന  ജലാശയങ്ങളും, തണ്ണീര്‍ത്തടങ്ങളും, വീടുകളുടെ സമീപമുള്ള വൈക്കോല്‍ക്കൂനകളുമൊക്കെ കേരളത്തിലെ പഴയകാല നാട്ടിന്‍പുറങ്ങളെ അനുസ്മരിപ്പിക്കുന്നു. വെറുതെയല്ല നമ്മുടെ സിനിമാക്കാര്‍ ഗ്രാമീണകഥകളെ ദൃശ്യവല്‍ക്കരിക്കേണ്ടിവരുമ്പോള്‍ തമിഴ്നാട്ടിലേക്കോടുന്നത്! മിന്നിമറയുന്ന കാഴ്ചകളില്‍ വെറുതെയൊന്ന്  കണ്ണോടിക്കാനുള്ള അവസരമേ ഇപ്പോഴുള്ളു. ഇതെല്ലാം വിശദമായി  കണ്ടാസ്വദിക്കാനായി ഇനിയൊരിക്കല്‍ക്കൂടി തഞ്ചാവൂരിലേക്ക് വരേണ്ടിയിരിക്കുന്നു......

എതാണ്ട് എട്ടര മണിയായി ഞങ്ങള്‍ സൂര്യനാര്‍ കോവിലില്‍ എത്തിയപ്പോള്‍.

സൂര്യനാര്‍ കോവില്‍ :

ഇന്ത്യയില്‍ സൂര്യന്‍ മുഖ്യപ്രതിഷ്ഠയായിട്ടുള്ള രണ്ടേരണ്ടു ക്ഷേത്രങ്ങളേ ഉള്ളുവത്രേ. ഒന്ന് കൊണാര്‍ക്ക് സൂര്യക്ഷേത്രവും, രണ്ടാമത്തേത് ഈ സൂര്യനാര്‍ കോവിലുമാണ്. മറ്റു നവഗ്രഹക്ഷേത്രങ്ങളിലെല്ലാം തന്നെ മുഖ്യപ്രതിഷ്ഠ ശിവനാണെങ്കില്‍, ഇവിടെ സൂര്യനാരായണന്‍ എന്ന സൂര്യന്‍ തന്നെയാണ് പ്രധാനപ്രതിഷ്ഠ. 1100-ല്‍ കുലോത്തുംഗചോളന്‍ ഒന്നാമന്‍ പണികഴിപ്പിച്ച ക്ഷേത്രമാണിതത്രേ. സൂര്യപുഷ്കരണി എന്ന പേരിലൊരു തീര്‍ത്ഥക്കുളവും ഇവിടെയുണ്ട്. കുലോത്തുംഗചോളമാര്‍ത്താണ്ഡാലയം എന്നാണ് ചരിത്രരേഖകളില്‍ ഈ ക്ഷേത്രത്തിന്റെ പേര്.അധികം താമസിയാതെ സൂര്യനര്‍ കോവിലിനോട് ഞങ്ങള്‍ വിടപറഞ്ഞു. ഇവിടുന്ന് ആറു കിമീ അപ്പുറമാണ് കാഞ്ചന്നൂര്‍ എന്ന സ്ഥലത്തുള്ള ശുക്രന്റെ അമ്പലം.

ശുക്രക്ഷേത്രം 

അഗ്നീശ്വരക്ഷേത്രം എന്നാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. ശുക്രനായി പ്രത്യേക കോവിലോ പ്രതിഷ്ഠയോ ഇല്ല. അഗ്നീശ്വരസ്വാമി എന്നറിയപ്പെടുന്ന, പ്രധാന പ്രതിഷ്ഠയായ ശിവനോടുകൂടിയാണ് ശുക്രന്‍ കുടികൊള്ളുന്നത്.  മഹാബലിയെ പാതാളത്തിലേക്ക് ചവുട്ടിത്താഴ്ത്തിയതില്‍ കോപാകുലനായ ശുക്രാചാര്യന്‍  വിഷ്ണുവിനെ ശപിച്ചുവെന്നും, തുടര്‍ന്ന് വിഷ്ണു ഇവിടെ വന്ന് ശിവനെ ഭജിച്ച് ശാപമോക്ഷം നേടിയെന്നും ഐതിഹ്യം. ചോള-വിജയനഗര കാലഘട്ടത്തിലെ ചരിത്രരേഖകളില്‍ ഈ ക്ഷേത്രത്തെക്കുറിച്ച് പരാമര്‍ശമുണ്ട്.


ക്ഷേത്രമണ്ഡപത്തിലെ ഒരു നന്ദി പ്രതിമ:
ക്ഷേത്രത്തിന്റെ മതില്‍ക്കകത്ത് പ്രസാദമെന്ന പേരില്‍ പലതരം പലഹാരങ്ങള്‍ വില്‍ക്കാന്‍ വച്ചിരിക്കുന്നു. രാവിലത്തെ തത്രപ്പാടുകാരണം ഞങ്ങളിതുവരെ പ്രാതല്‍ കഴിയ്ക്കുകയുണ്ടായില്ല.  മുറുക്കിന്റേയും, അതിരസം എന്നുപേരുള്ള ഒരു പലഹാരത്തിന്റേയും പായ്ക്കറ്റുകള്‍ വാങ്ങി തല്‍ക്കാലം വിശപ്പടക്കി. രുചിയില്‍ നമ്മുടെ നെയ്യപ്പത്തോടു സാമ്യമുള്ള ഒരു പലഹാരമാണ് അതിരസം.

കുംഭകോണത്തുനിന്ന് 5 കി.മീ ദൂരത്തുള്ള തിരുവെങ്കടേശ്വരം എന്ന സ്ഥലത്തേക്കാണ് ഇനി യാത്ര. അവിടെയാണ് രാഹുവിന്റെ ക്ഷേത്രം.

രാഹുക്ഷേത്രം:

ഏതാണ്ട് പതിനഞ്ചോളം ഏക്കറിലായി പരന്നുകിടക്കുന്ന അതിവിശാലമായ ക്ഷേത്രസമുച്ചയമാണിത്. കൂറ്റന്‍ മതില്‍ക്കെട്ടും ഗോപുരങ്ങളും വിശാലമായ ക്ഷേത്രാങ്കണവും ഇവിടത്തെ പ്രത്യേകതയാണ്. ഗാന്ധാരാദിത്യചോളനാണ്  ഈ ക്ഷേത്രം പണികഴിപ്പിച്ചത്. പുരാണത്തിലെ സര്‍പ്പശ്രേഷ്ഠന്മാരായ ആദിശേഷനും ദക്ഷനും കാര്‍ക്കോടകനും ഇവിടെ വച്ച് ശിവനെ ഭജിച്ചിരുന്നതായി പറയപ്പെടുന്നു. പ്രധാന പ്രതിഷ്ഠ നാഗേശ്വരര്‍ എന്നറിയപ്പെടുന്ന ശിവനാണ്. ഗിരികുജാംബാള്‍ എന്ന പേരില്‍ പാര്‍വ്വതിയുമുണ്ട്. രാഹുവിന് പ്രത്യേകം കോവിലാണുള്ളത്.രാഹുവെന്നാല്‍ സര്‍പ്പം. ഗ്രഹദോഷങ്ങളില്‍ ഏറ്റവും മോശമായി കണക്കാക്കപ്പെടുന്നതും രാഹുദോഷമാണ്. അതുകൊണ്ടുതന്നെ ഭക്തര്‍ക്ക് ഏറ്റവുമധികം ഭയമുള്ളതും രാഹുവിനെയായിരിക്കണം! രാഹുകോവിലിന്റെ മുന്നിലെ അഭൂതപൂര്‍വ്വമായ ജനത്തിരക്ക് ഇത് ശരിവയ്ക്കുന്നു. ശ്രീകോവിലിന്റെ മുന്നിലെ ഇരുണ്ട മണ്ഡപത്തില്‍ ദര്‍ശനത്തിനായി തിക്കിത്തിരക്കുന്ന ഭക്തര്‍....മറ്റൊരു ഭാഗത്ത് പ്രസാദവിതരണത്തിന്റെ ബഹളം....
രാഹുവിന്റെ കോവില്‍:

ഗോപുരനടയിലെ കടയില്‍ നിന്ന് നല്ല ചൂടന്‍ ഉഴുന്നുവടയും പൊതിഞ്ഞുവാങ്ങി, ഒട്ടും സമയം പാഴാക്കാതെ ഞങ്ങള്‍ അടുത്ത സ്ഥലത്തേക്ക് യാത്രയായി. കുംഭകോണത്തുനിന്ന് 17കി.മീ ദൂരത്തുള്ള ആലങ്കുടി എന്ന സ്ഥലത്തേക്കാണ് ഇനി പോകുന്നത്. അവിടെയാണ് ഗുരുവിന്റെ ക്ഷേത്രമുള്ളത്.

ഗുരുക്ഷേത്രം(വ്യാഴം):

ഇവിടെയും പ്രധാന പ്രതിഷ്ഠ ശിവന്‍ തന്നെ. ആപത്സഹായേശ്വരന്‍ എന്ന പേരിലാണ് ശിവന്‍ അറിയപ്പെടുന്നത്. ആരണ്യേശ്വരന്‍ എന്നൊരു പേരും ഉണ്ട്.  ഗുരുസ്ഥലം  എന്നാണ് ഈ ക്ഷേത്രത്തിനെ വിളിക്കുന്നത്.  ഇവിടെ ഗുരു, ദക്ഷിണാമൂര്‍ത്തി എന്ന പേരില്‍ ആരാധിക്കപ്പെടുന്നു. പ്രത്യേകമൊരു കോവിലിലാണ് ഗുരുഭഗവാനുള്ളത്. ഗുരുവിനെകൂടാതെ ബ്രഹ്മാവ്, ലക്ഷ്മി, ഗണപതി, സപ്തര്‍ഷികള്‍ തുടങ്ങി ധാരാളം ഉപദേവതകളുമുണ്ട്. പതിനഞ്ചോളം പുണ്യതീര്‍ത്ഥങ്ങളാണ് ഈ ക്ഷേത്രത്തിലുള്ളത്.
സമയം  ഒരു മണികഴിഞ്ഞു.  അഞ്ച് അമ്പലങ്ങളില്‍ നാലും കണ്ടുകഴിഞ്ഞു എന്നൊരു ആശ്വാസമായി. ഇനി ബാക്കിയുള്ളത് ചന്ദ്രന്റെ അമ്പലമാണ്. അത് തഞ്ചാവൂരിനടുത്താണുള്ളത്. ഒരു മണിക്ക് അവിടെ അമ്പലം അടയ്ക്കും. ഇനി നാലുമണിക്കേ തുറക്കൂ. കുംഭകോണത്തിനടുത്തൊരു ഹോട്ടലില്‍ നിന്ന് വിശാലമായി ഊണുംകഴിച്ച് തഞ്ചാവൂരിനടുത്തുള്ള തിങ്കളൂര്‍ എന്ന സ്ഥലത്തേക്ക് ഞങ്ങള്‍ യാത്രയായി. നാലു മണിക്ക് അമ്പലം തുറക്കുമ്പോഴേക്കും അവിടെ എത്തിപ്പറ്റുക, അധികം സമയം കളയാതെ മടങ്ങുക, ട്രെയിനിന്റെ സമയമാകും വരെ  ഹോട്ടല്‍ മുറിയില്‍ ഒന്നു വിശ്രമിക്കുക എന്നിങ്ങനെയായിരുന്നു കണക്കുകൂട്ടലുകള്‍.

 ചന്ദ്രക്ഷേത്രം:

തിങ്കളൂര്‍(തിങ്കള്‍ എന്നാല്‍ ചന്ദ്രന്‍. തിങ്കളിന്റെ ഊര് തിങ്കളൂര്‍) എന്ന അതിമനോഹരമായ ഗ്രാമത്തിലെ ചന്ദ്രക്ഷേത്രത്തില്‍ ഞങ്ങള്‍ നേരത്തേ എത്തി. അമ്പലം തുറക്കാനായി കാത്തുനില്‍ക്കേണ്ടിവന്നു. ഇതുവരെ കണ്ട എട്ട് ക്ഷേത്രങ്ങളില്‍നിന്നും വ്യത്യസ്തമായി വളരെ ചെറിയൊരു ക്ഷേത്രമായിരുന്നു അത്.  കൂറ്റന്‍ ഗോപുരങ്ങളോ, മതില്‍ക്കെട്ടുകളോ ഇല്ല.
പ്രധാന പ്രതിഷ്ഠയായ ശിവന്‍ കൈലാസനാഥര്‍ എന്നറിയപ്പെടുന്നു. ചന്ദ്രന്‍ ഇവിടെവച്ച് ശിവനെ ഭജിച്ച് അനുഗ്രഹം വാങ്ങിയതായി ഐതിഹ്യം.  ചന്ദ്രന് പ്രത്യേകം കോവിലുണ്ട്. പല്ലവരാജാവായ രാജസിംഹന്‍  എഴാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ചുള്ള ക്ഷേത്രമാണിതത്രേ.
മറ്റു ഗ്രഹങ്ങളുടെ പ്രതിഷ്ഠകളും ഇവിടെ കാണാം. ചന്ദ്രന്റെ നിറം വെളുപ്പായതുകൊണ്ടായിരിക്കും, മൊത്തത്തില്‍ വെളുപ്പിനാണ് ഇവിടെ പ്രാധാന്യം. വെള്ളച്ചുമരുകളും ശുഭ്രവസ്ത്രമണിഞ്ഞ ചന്ദ്രഭഗവാനും വെളുത്ത പൂജാപുഷ്പങ്ങളും വെള്ളനിറത്തിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്നു.


യാത്ര വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ ആശ്വാസത്തില്‍ യാത്രാസംഘം തിങ്കളൂര്‍ ക്ഷേത്രത്തിനു മുന്നില്‍:

മണി നാലേകാല്‍. അമ്പലത്തിന്റെ പരിസരത്തുനിന്ന് ഓരോ ചായയും കുടിച്ച് ഞങ്ങള്‍ മടക്കയാത്ര ആരംഭിച്ചു. അഞ്ചേമുക്കാലിനാണ് ട്രെയിന്‍. ഹോട്ടലിലേക്ക് അധികം ദൂരവുമില്ല.....

പക്ഷേ സകല കണക്കുകൂട്ടലുകളും തെറ്റിക്കും വിധമുള്ള തിക്കും തിരക്കുമായിരുന്നു തഞ്ചാവൂരിലേക്കുള്ള വഴിയിലുടനീളം. ഒരു കണക്കിന്  എത്തിപ്പെട്ടെന്നു പറഞ്ഞാല്‍ മതിയല്ലോ. അതിനിടയില്‍ നഗരത്തില്‍ത്തന്നെയുള്ള ബൃഹദീശ്വരക്ഷേത്രത്തിലും ഒന്ന് ഇറങ്ങിയെന്നു വരുത്തി. ബൃഹദീശ്വരക്ഷേത്രം കണ്ടോ എന്ന് ചോദിച്ചാല്‍ കണ്ടു. അത്രതന്നെ.

എല്ലാം കഴിഞ്ഞ് ഹോട്ടല്‍ മുറിയിലെത്തുമ്പോള്‍ ട്രെയിന്‍ പുറപ്പെടാനിനി കേവലം പത്തു മിനിട്ടു മാത്രം ബാക്കി! വേവലാതിയോടെ പെട്ടിയും പ്രമാണവും തൂക്കിയെടുത്ത്, റിസപ്ഷനില്‍ ചെന്ന് ബില്ലുമടച്ച്, കാറിനടുത്തേക്കൊടിച്ചെല്ലുമ്പോള്‍ ഡ്രൈവര്‍ മോഹന്‍ അവിടെയെങ്ങുമില്ല! ദേഷ്യവും വേവലാതിയുംകൊണ്ട് എന്തുചെയ്യണമെന്നറിയാതെ ഞങ്ങള്‍ നില്‍ക്കുമ്പോള്‍ കക്ഷിയതാ കെട്ടിടത്തിന്റെ മറ്റൊരു നിലയില്‍ നിന്നും അലസനായി ഇറങ്ങിവരുന്നു! ഇത്രയും “ഉത്തരവാദിത്തമുള്ള”ഒരു ഡ്രൈവറെ കിട്ടിയതായിരുന്നു ഈ യാത്രയുടെ പ്രധാന “നേട്ട”മെന്ന് പ്രത്യേകം പറയേണ്ടല്ലോ. ട്രെയിന്‍ കിട്ടുമെന്നുള്ള യാതൊരു പ്രതീക്ഷയുമില്ലാതെയാണ് ഞങ്ങള്‍ സ്റ്റേഷനില്‍ ഓടിക്കിതച്ചെത്തിയതെങ്കിലും, അന്ന് ട്രെയിന്‍ പത്തുമിനിട്ട് വൈകി വന്നതുകൊണ്ടുമാത്രം രക്ഷപ്പെട്ടെന്ന് പറഞ്ഞാല്‍ മതിയല്ലോ....ശ്വാസംവിടാതെയുള്ള ഓട്ടപ്രദക്ഷിണത്തിന് അതോടെ പരിസമാപ്തിയായി.....

അറിയാം, കാഴ്ചകളൊന്നും ഇവിടെ തീരുന്നില്ലെന്ന്.....ശില്പകലയുടെയും, സംഗീതത്തിന്റെയും, നൃത്തത്തിന്റെയുമൊക്കെ  കൗതുകങ്ങളും അറിവുകളും വിസ്മയങ്ങളും   ഒരുക്കിവച്ചിട്ടുണ്ട് തഞ്ചാവൂരിലിനിയും ഒരുപാടൊരുപാട്....കാണാക്കാഴ്ചകള്‍ തേടി  തഞ്ചാവൂരിന്റെ ഗ്രാമങ്ങളിലൂടെ ഇനിയൊരിക്കല്‍ക്കൂടി അലയണം....അതിനവസരമുണ്ടായാല്‍...

നവഗ്രഹക്ഷേത്രങ്ങളുടെ റൂട്ട് മാപ്പ് ഇവിടെ കാണാം.
                                                                                                               [അവസാനിച്ചു]

14 comments:

jayanEvoor said...

കൊള്ളാമല്ലോ ഈ സഞ്ചാരം!

എനിക്കും ഒന്നു പോകണമെന്നു തോന്നുന്നു!

പഥികൻ said...

കാഞ്ചീപുരംകാരി ഒരു കൂട്ടുകാരിയുണ്ടായിരുന്നു പണ്ട്...അങനെ കേട്ടതാണ് ഈ ക്ഷേത്രപ്പെരുമ..കാണാൻ അവസരമുണ്ടായിട്ടില്ല.സചിത്രവിവരണത്തിനു നന്ദി..

സസ്നേഹം,
പഥികൻ

കുഞ്ഞൂസ് (Kunjuss) said...

ഒരിക്കല്‍ തഞ്ചാവൂരോളം ചെന്ന്, ഉടനെ തിരിച്ചു പോരേണ്ടി വന്ന സങ്കടം ബിന്ദുവിന്റെ ഈ യാത്രാക്കുറിപ്പ് വായിച്ചപ്പോള്‍ മാറി ട്ടോ... അന്ന് അവിടെയുള്ള ഒരു സുഹൃത്തിനോടൊപ്പം കാഴ്ചകള്‍ കാണാനും 'തഞ്ചാവൂര്‍ വീണ' വാങ്ങാനുമായി പോയതാണ്. നാട്ടില്‍ അമ്മക്ക് സുഖമില്ലെന്നറിഞ്ഞു പെട്ടന്ന് മടങ്ങേണ്ടി വന്നു. വീണ പിന്നീട് സുഹൃത്തിന്റെ അച്ഛന്‍ ചെന്നൈയില്‍ എത്തിച്ചു തന്നു.

Jasy kasiM said...

നവഗ്രഹങ്ങൾക്ക് ക്ഷേത്രങ്ങൾ..അതിനോട് ചേർന്നു നിൽക്കുന്ന ഐതിഹ്യങ്ങൾ..വല്ലാത്ത കൌതുകം തോന്നി വായിച്ചപ്പോൾ.നല്ല ചിത്രങ്ങൾ..മനോഹരമായ ശില്പചാരുത ഓരോ ക്ഷേത്രത്തിനും.ഒരു നവഗ്രഹക്ഷേത്ര ദർശനം ചെയ്തുവന്ന പ്രതീതി!

Ashly said...

നൈസ് !!

ആ റൂട്ട് മാപ്പ് കൂടെ ഇട്ടിരുന്നു എങ്കില്‍ നന്നാക്കുംയിര്‍ന്നു.

Unknown said...

പല അമ്പലങ്ങളിലും പോകണമെന്നുണ്ട്.പക്ഷെ നടക്കാറില്ല.എന്നാലും അടുത്തൊക്കെ പോകാറുണ്ട്

പാര്‍ത്ഥന്‍ said...

വായിച്ചു. യാത്ര ആസ്വദിച്ചു.

ഒരു യാത്രികന്‍ said...

വളരെ നല്ല ഒരു യാത്ര. വൈതീശ്വരന്‍ കോവിലിനു മാത്രമാണെന്ന് തോന്നുന്നു കേരളീയ ക്ഷേത്ര നിര്‍മ്മാണ രീതിയുമായി അല്പമെങ്കിലും സാമ്യമുള്ളത്. ഒട്ടേറെ പുതിയ അറിവുകള്‍ പങ്കുവെച്ചിരിക്കുന്നു. ആശംസകള്‍ .......സസ്നേഹം

ബിന്ദു കെ പി said...

Captain Haddock:

റൂട്ട് മാപ്പ് പോസ്റ്റിന്റെ അവസാനം ചേർത്തിട്ടുണ്ട്. മറന്നുപോയതാണ്. ഓർമ്മിപ്പിച്ചതിനു നന്ദി.

വീകെ said...

നവഗ്രഹങ്ങളെ ഒന്നിച്ചു കാണുന്നതാ എനിക്കിഷ്ടം. അതുകൊണ്ട് പാലാരിവട്ടം അയ്യപ്പന്റെ അമ്പലത്തിലാ പോയി കാണാറ്.

അല്ലാതെ ഒറ്റക്കുള്ള ക്ഷേത്രങ്ങളിൽ പോയി കാണാത്തത് തമിഴ്നാട്ടിലായതു കൊണ്ടോ, അവരുടെ ‘മുല്ലപ്പെരിയാർ’ വിഷയത്തിലുള്ള ദ്വേഷ്യം കൊണ്ടൊന്നുമല്ല.
ആശംസകൾ...

rafu. said...

ചേച്ചീ.. തമിഴ് നാട്ടിലേയ്ക്ക് ഇനി ഇപ്പോ പോണ്ടാ. മുല്ലപ്പെരിയാര്‍ പ്രശ്നം തീര്‍ന്നോട്ടെ..

sethupaloor said...

ബിന്ദു ഓട്ട പ്രദിക്ഷണം നടത്തിയ കാരണം നവഗ്രഹങ്ങള്‍ ഓട്ടക്ക് നടുവിലായി..
മോഹനാ..അപ്പോള്‍ ആ ഇരുന്നൂറ്റി പത്തിലാണ് നീ എനിക്ക് പട്ട വാങ്ങിത്തന്നത് അല്ലെ..?
(ബിന്ദൂ..സൂപര്‍!!!!!! )

നിരക്ഷരൻ said...

ഇങ്ങനൊരു വിവരണം ബൂലോകത്തല്ലാതെ വേറൊരിടത്തും ആർക്കും വായിക്കാൻ കിട്ടില്ലെന്നാണ് എനിക്ക് തോന്നുന്നത്. ബൂലോകർ ഭാഗ്യവാന്മാർ :)

വയസ്സാൻ കാലത്ത് ഇതിന്റെ ഒരു പ്രിന്റ് ഔട്ട് കക്ഷത്തിൽ വെച്ച് പോകാനാണ് എന്റെ തീരുമാനം. (ഇനിയെന്ത് വയസ്സാകാൻ എന്നല്ലേ ഇത് വായിച്ചവരുടെ എല്ലാം മനസ്സിൽ ഇപ്പോൾ :)....)

ബിന്ദു കെ പി said...

@നിരക്ഷരൻ:
ങേ! അപ്പോ എനിക്ക് വയസ്സായെന്നാണോ ഇപ്പറഞ്ഞതിന്റെ അർത്ഥം? ങും..അതിനിത്തിരി പുളിക്കും! :)

ഇതുവരെ വന്നവര്‍ ...

myfreecopyright.com registered & protected

Copyright © Bindu Krishnaprasad. All rights reserved.

പകര്‍പ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.

Back to TOP